1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2017

സ്വന്തം ലേഖകന്‍: കറ്റാലന്‍ ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തത് 90% പേര്‍, വെറും സ്വപ്നം മാത്രമെന്ന് സ്‌പെയിന്‍, പ്രതിസന്ധി രൂക്ഷമാകുന്നു. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഞായറാഴ്ച നടന്ന വിവാദ ഹിതപരിശോധനയില്‍ 90 ശതമാനവും വോട്ടു ചെയ്തത് അനുകൂലമായാണെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഫലം കാറ്റലോണിയന്‍ പാര്‍ലമമെന്റിനു സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം സഭ എടുക്കുമെന്നും പ്രാദേശിക സര്‍ക്കാര്‍ മേധാവി കാര്‍ലെസ് പുഷെമോണ്‍ പറഞ്ഞു.

എന്നാല്‍, ഹിതപരിശോധനയെന്ന പേരില്‍ കറ്റാലന്‍ ജനതയെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റയോയ് പറഞ്ഞു. സ്പാനിഷ് സര്‍ക്കാറും ഭരണഘടനാ കോടതിയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹിതപരിശോധന വോട്ട് ചെയ്യാനെത്തിയവരും സ്പാനിഷ് പോലീസും തമ്മിലുള്ള ചോരക്കളിയായി മാറിയിരുന്നു. മേഖലയിലെ 53 ലക്ഷം അംഗീകൃത വോട്ടര്‍മാരില്‍ 22 ലക്ഷം പേരാണ് കഴിഞ്ഞ ദിവസം വോട്ടു ചെയ്തത്.

ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് പൊലീസ് തടസ്സപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരെ തെരുവില്‍ നേരിട്ടതോടെ പൊലീസുകാരുള്‍പ്പെടെ 844 പേര്‍ക്കാണ് സംഘട്ടനങ്ങളില്‍ പരിക്കേറ്റത്. സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് ഞായറാഴ്ച രാത്രി ബാഴ്‌സലോണ നഗരത്തിലും പരിസരങ്ങളിലും തമ്പടിച്ചവര്‍ സമരം തുടരുകയാണ്. 40 ട്രേഡ് യൂനിയനുകളും കറ്റാലന്‍ സംഘടനകളും ചേര്‍ന്ന് ചൊവ്വാഴ്ച മേഖലയില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭരണഘടന കോടതി വിലക്കിയ ഹിതപരിശോധന നടത്തിയ പ്രാദേശിക സര്‍ക്കാര്‍ മേധാവി കാര്‍ലെസ് പുഷെമോണെ പുറത്താക്കുന്ന കാര്യം സ്പാനിഷ് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുതിര്‍ന്നാല്‍ സര്‍ക്കാര്‍ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് സ്പാനിഷ് നീതിന്യായ മന്ത്രി റാഫേല്‍ കറ്റാല മുന്നറിയിപ്പ് നല്‍കി. സ്‌പെയിനില്‍ ഐക്യവും സുസ്ഥിരതയും ഉറപ്പാക്കണമെന്നും വിട്ടുപോയാല്‍ സ്വതന്ത്ര കാറ്റലോണിയയെ ഇയു അംഗീകരിക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.