1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: യുകെയിൽ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിപ്പോയിരുന്നു. എന്നാല്‍, രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പേ അവര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു.

വെള്ളപ്പൊക്കത്തിന് കുപ്രസിദ്ധിയാര്‍ജിച്ച സ്ട്രൂഡ് കോസ്വേയില്‍ ഉണ്ടായ സംഭവത്തില്‍ മറ്റ് നിരവധി കാറുകളും കുട്രുങ്ങി. റോഡില്‍ നിശ്ചലാവസ്ഥയില്‍ ആയ കാറുകളില്‍ നിന്നും ആളുകളെ രക്ഷിക്കുവാന്‍ തീരദേശ സൈന്യവും രംഗത്തെത്തിയിരുന്നു. തന്റെ പുറകിലായി ഇരുപതിലധികം കാറുകള്‍ നിരന്നു കിടക്കുന്നത് തന്റെ റിയര്‍വ്യൂ മിററില്‍ കാണാമായിരുന്നു എന്നാണ് കാറില്‍ കുടുങ്ങിപ്പോയ ഒരു വ്യക്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ഉച്ചയ്ക്ക് 1.25 മണിയോടെ ഒരാളെ വാനില്‍ നിന്നും രക്ഷിച്ചതായി എസെക്സ് കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഏതാണ്ട് 300 ഓളം പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. എന്‍വിറോണ്മെന്റ് ഏജന്‍സി 96 ഓളം മുന്നറിയിപ്പുകളാണ് ഇറക്കിയിരിക്കുന്നത്. അതിനു പുറമെ വെള്ളപ്പൊക്ക സാധ്യത എടുത്തുപറഞ്ഞ് മറ്റ് 202 അലര്‍ട്ടുകളും ഇറക്കിയിട്ടുണ്ട്.

ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വരെ വീശുന്ന കാറ്റില്‍ ജീവാപായം വരെ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കും ഇന്ന് വെളുപ്പിന് ആറ് മണിക്കുമായി തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ കാറ്റിനെതിരെ മെറ്റ് ഓഫീസ് രണ്ട് മുന്നറിയിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. തെക്കന്‍ തീരങ്ങളില്‍ ഇന്നലെ രാത്രി 9 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണിവരെ നിലനില്‍ക്കും. പടിഞ്ഞാറന്‍ വെയ്ല്‍സില്‍ ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ 3 മണിവരെയും മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

റോഡ്, റെയില്‍, വായു, ജല ഗതാഗതങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം എന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ ശക്തമായ കാറ്റില്‍ പറന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയിരിക്കാനും മുന്നറിയിപ്പുണ്ട്. ഈയാഴ്ച്ച മിക്ക ദിവസങ്ങളിലും യു കെയില്‍ മഴ ആയിരിക്കുമെന്നാണ് പ്രവചനം. സ്‌കോട്ട്ലാന്‍ഡില്‍ ഇന്ന് 60 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും പ്രവചനത്തില്‍ പറയുന്നു.

വന്‍ തിരമാലകള്‍ ഉണ്ടായേക്കാം എന്ന പ്രവചനത്തെ തുടര്‍ന്ന് ഇന്നലെ തെംസ് ബാരിയര്‍ ഇന്നലെ അടച്ചിട്ടു. വിടപറഞ്ഞ ഒളീവിയ കൊടുങ്കാറ്റിന്റെ അവശേഷിപ്പുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയും, പുതുതായി എത്തിയ കത്ലീന്‍ കൊടുങ്കാറ്റ് ശനിയാഴ്ച്ചയുമായി ആഞ്ഞടിച്ചതോടെയാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ മഴയെത്തിയത്.

ഇന്ന് അതിരാവിലെ തെക്കന്‍ വെയ്ല്‍സില്‍ എത്തുന്ന കൊടുങ്കാറ്റ്, പകല്‍ ശക്തിപ്രാപിക്കുന്നതോടെ വടക്കന്‍ വെയ്ല്‍സിലും വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ആഞ്ഞടിക്കും. മേഖലയില്‍ വ്യാപകമായി ആഞ്ഞടിക്കുന്ന കാറ്റിന് മണിക്കൂറില്‍ 40 മൈല്‍ മുതല്‍ 50 മൈല്‍ വരെ വേഗതയുണ്ടാകും. അതേസമയം, തെക്കന്‍ വെയ്ല്‍സിലെയും പടിഞ്ഞാറന്‍ വെയ്ല്‍സിലേയും തീരപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 60 മുതല്‍ 65 മൈല്‍ വരെ വേഗത കൈവരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.