1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ഗൂഡാലോചന നടത്തി ബാങ്കുകളെ പറ്റിച്ചെന്ന വാദവുമായി സിബിഐ ബ്രിട്ടീഷ് പ്രൊസിക്യൂഷനില്‍. മല്യ ക്രിമിനല്‍ ഗൂഡാലോചന നടത്തി ബാങ്കുകളെ വഞ്ചിച്ചെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനെ ബോധിപ്പിച്ചു. മല്ല്യയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐഎന്‍ഫോഴ്‌സ്‌മെന്റ് സംയുക്ത സംഘമാണ് ബ്രിട്ടീഷ് പ്രോസിക്യൂഷനില്‍ ഇങ്ങനെ വാദിച്ചത്.

ഈ മാസം 17നാണ് പ്രോസിക്യൂഷന്‍ വിശദമായ വാദം കേള്‍ക്കുക. അതിന്റെ ഭാഗമായി ശക്തമായ വാദമുഖങ്ങള്‍ നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തിന് എന്നു പറഞ്ഞാണ് വായ്പകള്‍ തരപ്പെടുത്തിയത്. ഐഡിബിഐ ചെയര്‍മാനെ പറഞ്ഞ് വിശ്വസിപ്പിച്ച് 900 കോടിയാണ് വാങ്ങിയത്. പല ബാങ്കുകള്‍ക്കായി 9000 കോടിയിലേറെ രൂപയാണ് മല്ല്യ കുടിശിക വരുത്തിയത്.

വായ്പയെടുത്ത പണമെല്ലാം ഇന്ത്യയിലും പുറത്തും കള്ളപ്പേരുകളിലുള്ള കമ്പനികളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ബാങ്കുകളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതറിഞ്ഞ് ഇയാള്‍ ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. വിവിധ കമ്പനികളല്‍ തനിക്കുള്ള ഓഹരികള്‍ വിറ്റ ശേഷമാണ് ഇയാള്‍ മുങ്ങിയത്. അവര്‍ പ്രോസിക്യൂഷനെ അറിയിച്ചു. വിജയ് മല്യ ജൂലൈ 10 ന് സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പതിനേഴു ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെയാണ് 2015 മാര്‍ച്ചില്‍ വിജയ് മല്യ രാജ്യം വിട്ടത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകള്‍ പ്രകാരം കഴിഞ്ഞ മാസം പതിനെട്ടിന് മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ പുറത്തുവരികയും ചെയ്തു. മല്യയെ തിരികെയെത്തിക്കാനുള്ള നയതന്ത്ര നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് മല്യ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.