1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2017

സ്വന്തം ലേഖകന്‍: തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം. ദേശീയ വാര്‍ത്താ ചാനല്‍ എന്‍ഡിടിവിയുടെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി ചാനല്‍ അധികൃതര്‍ രംഗത്തെത്തി.

ഐസിഐസിഐ ബാങ്കിന് ലോണ്‍ എടുത്ത വകയില്‍ 23 കോടി നഷ്ടം വരുത്തിയെന്ന പരാതിയിലാണ് എന്‍ഡിടിവിക്കെതിരായി സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും. ഏഴ് വര്‍ഷം മുന്‍പ് എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയും രാധിക റോയിയും തിരിച്ചടിച്ച ഒരു ലോണിന്റെ പേരിലാണ് സിബിഐ നടപടിയെന്നും ഉന്നതങ്ങളില്‍ നിന്നുള്ള ചരടുവലിയാണ് നടപടിക്കു പിന്നിലെന്നും ചാനല്‍ ആരോപിക്കുന്നു.

മാധ്യമരംഗത്ത് ഭയം വിതച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും അന്വേഷണ ഏജന്‍സിയെ കൊണ്ട് വേട്ടയാടാന്‍ നോക്കേണ്ടെന്നും എന്‍ഡിടിവി അവതാരകന്‍ രവീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രതികാരം എന്ന് നടപടിയെ പരിഹസിച്ച എന്‍ഡിടിവി അങ്ങിനെയാണെങ്കില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അഴിക്കുള്ളില്‍ ഇടണമെന്നും ഇതിന് സര്‍ക്കാരിന് തോന്നുന്ന കുറ്റമെല്ലാം ചുമത്താമെന്നും രവീഷ് കുമാര്‍ പരിഹസിച്ചു.

അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്ന് നേരത്തേ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ചാനല്‍ വ്യക്തമാക്കിയതിനു പുറകെയാണ് രവീഷ് കുമാര്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. സ്ഥാപനത്തെ നശിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് എന്‍ഡിടിവി വ്യക്തമാക്കുന്നു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും ചെയ്തിട്ടില്ലെന്നാണ് സിബിഐയുടെ വാദം.

എന്‍ഡിടിവിയുടെ ഓഫീസിലോ ചാനല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലോ റെയ്ഡ് നടത്തിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. ചാനലിന്റെ ഉടമയുടെ സ്ഥാപങ്ങളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയതെന്നും സിബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോണ്‍ തിരിച്ചടവിന്റെ പേരിലല്ല കേസെടുത്തതെന്നും നിയമവിരുദ്ധമായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായുള്ള ബാങ്ക് ഓഹരിയുടമയുടെ പരാതിയിലാണെന്നും സിബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.