1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല. തമ്മിലടി ശക്തമായതോടെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണു പകരം ചുമതല. ഡയറക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം, തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാകേഷ് അസ്താന നല്‍കിയ ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. അലോക് കുമാര്‍ വര്‍മ്മയില്‍ നിന്നും ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ്മയില്‍ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്.

അതിനിടെ അറസ്റ്റിലായ ദേവന്ദര്‍കുമാറിനെ ഏഴുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ കോടതി വിട്ടു. ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണ് ദേവേന്ദറെന്നും സി.ബി.ഐ വാദിച്ചു.

സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡി.വൈ.എസ്.പി ദേവന്ദര്‍കുമാറിനെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അസ്താനയും ദേവേന്ദര്‍കുമാറും ഹര്‍ജികളുമായി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്.രാകേഷ് അസ്താനയ്ക്കും ദേവേന്ദര്‍കുമാറിനെമെതിരായ കേസ് ഗുരുതരമാണെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണ്. കൂടുതല്‍ വകുപ്പുകള്‍ എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ക്കാന്‍ സി.ബി.ഐ അനുമതിയും തേടി.ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു അസ്താനയുടെ വാദം.

ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയുള്‍പ്പെട്ട അഴിമതി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ കുടുക്കാനായി വ്യവസായി സന സതീഷിന്റെ വ്യാജ മൊഴി രേഖപ്പെടുത്തിയതിനാണ് ഡിവൈ.എസ്.പി ദേവേന്ദര്‍കുമാറിനെ സി.ബി.ഐ അറസ്റ്റുചെയ്തത്.

ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ ശ്രമിച്ചെന്ന് അസ്താന വിജിലന്‍സ് കമ്മിഷന് നല്‍കിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്. ഖുറേഷി കേസില്‍ നിന്ന് ഒഴിവാക്കാന്‍ അസ്താനയ്ക്ക് രണ്ടു കോടി കൈക്കൂലി നല്‍കിയെന്ന മജിസ്‌ട്രേട്ട് കോടതിയില്‍ സന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അസ്താനയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സി.ബി.ഐയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ ഇരുവരെയും വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം തേടിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.