
സ്വന്തം ലേഖകൻ: സിബിഎസ്ഇ 10, 12 പരീക്ഷകൾ മേയ് നാലിലേക്കു നീട്ടിയതിനെ പ്രവാസി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്വാഗതം ചെയ്തു. വിദ്യാർഥികൾക്ക് മതിയായ സമയം കിട്ടുന്നത് വേണ്ടത്ര ഗൗരവത്തോടെ പഠിച്ച് ആയാസരഹിതമായി പരീക്ഷ എഴുതാൻ ഉപകരിക്കുമെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു.
പരീക്ഷ വൈകുന്നത് 11ാം ക്ലാസ് തുടങ്ങാൻ 3 മാസം വൈകും എന്നതൊഴിച്ചാൽ കാര്യമായ പ്രശ്നമുണ്ടാകില്ല. റിവിഷനും മോഡൽ പരീക്ഷകളും നടത്തി കുട്ടികളെ സജ്ജരാക്കാൻ സാധിക്കുമെന്നതാണ് ഗുണം. ഇ–ലേണിങിൽ പഠനവും പരിശീലനവും പോരാതെ വരുന്നതിനാൽ പരീക്ഷയെ എങ്ങനെ നേരിടുമെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.
എന്നാൽ ഇത്ര നീണ്ടുപോയത് ഉന്നത വിദ്യാഭ്യാസത്തിനും നാട്ടിൽ തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും പ്രതികൂലമാകുമോ എന്ന ആശങ്കയും ചിലർ പങ്കുവച്ചു. പത്താം ക്ലാസ് പഠനം മാർച്ചിൽ തീരും. മേയിലാണ് പരീക്ഷ. അതിനിടയിൽ ഏപ്രിലിൽ 11ാം കാസ് പഠനം മുറുകുമ്പോൾ പത്താം ക്ലാസിലേതു മറക്കും. അതുകൊണ്ടുതന്നെ പരീക്ഷ ഇത്രയധികം നീട്ടുന്നത് ചില കുട്ടികൾക്കെങ്കിലും പ്രയാസമുണ്ടാക്കും. കൂടാതെ മാതാപിതാക്കളുടെ ജോലി നഷ്ടപ്പെട്ടതുമൂലം മക്കളുടെ പരീക്ഷ കഴിഞ്ഞു തുടർ വിദ്യാഭ്യാസം നാട്ടിലാക്കാൻ ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്കും ഇതു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല