1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2021

സ്വന്തം ലേഖകൻ: ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്.

ടിയാനമെൻ സ്ക്വയറിൽ കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദൂങ്ങിന്റെ കൂറ്റൻ ചിത്രത്തെ സാക്ഷിയാക്കിയായിരുന്നു സമ്മേളനം. ചൈനയെ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ തല ഉരുക്കുമതിലിൽ തട്ടി തകരും. തയ്​വാനെ ചൈനയോട് കൂട്ടിച്ചേർക്കുന്ന ചരിത്രദൗത്യത്തിൽ നിന്ന് പാർട്ടി പിന്തിരിയില്ല. ചൈന മറ്റൊരു രാജ്യത്തെയും അടിച്ചമർത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല.

അതുപോലെ മറ്റൊരു വിദേശ ശക്തിയെയും രാജ്യത്തേക്ക് കടന്നുകയറാൻ അനുവദിക്കുകയുമില്ല– ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഷി പറഞ്ഞു. എഴുപതിനായിരത്തിലേറെ പാർട്ടി പ്രവർത്തകരാണ് ചടങ്ങിൽ പങ്കെടുത്തത്. ഷിയുടെ മുൻഗാമിയായ ഹു ജിന്റാവോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. സൈനിക അഭ്യാസ പ്രകടനവും നടന്നു.

പാർട്ടിയിലെ വിമതസ്വരത്തെ ഉദ്ദേശിച്ച് ‘പാർട്ടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വൈറസുകളെ ഉന്മൂലനം ചെയ്യുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകി. സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗർ മുസ്​ലിംകളെ വംശഹത്യ നടത്തുന്നുവെന്നും ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കുന്നു എന്നുമുള്ള അമേരിക്കയുടെ ആരോപണങ്ങളെ സൂചിപ്പിച്ച് ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്നും അതേസമയം വിശുദ്ധർ ചമഞ്ഞ് ഉപദേശിക്കാൻ വരേണ്ടതില്ലെന്നും ഷി പറഞ്ഞു.

പഴയ ലോകം തകർക്കാൻ മാത്രമല്ല, പുതിയ ലോകത്തെ സൃഷ്ടിക്കാനും ചൈനയിലെ ജനങ്ങൾക്ക് കഴിയും. സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാനാവൂ. സൈന്യത്തെ ആധുനീകരിക്കുമെന്നും ഷി വ്യക്തമാക്കി. അതേസമയം, പ്രതിഷേധങ്ങൾ ഭയന്ന് ഹോങ്കോങ്ങിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.