1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2017

സ്വന്തം ലേഖകന്‍: കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികളുടെ ഭാഗമായി രാജ്യത്തെ കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കള്ളക്കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം അഞ്ചു വര്‍ഷത്തേക്ക് അയോഗ്യരാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകള്‍ അച്ചു ഉമ്മന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദേശ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ എന്നിവര്‍ക്കു പുറമേ റാണി ജോര്‍ജ്ജ് ഐഎഎസ് എന്നീ പ്രമുഖര്‍ അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. അയോഗ്യരാക്കപ്പെട്ട ഡയറക്ടര്‍മാര്‍ക്ക് വിലക്കുള്ള അഞ്ചു വര്‍ഷം മറ്റു കമ്പനികളുടെ ഡയറക്ടര്‍ പദവികള്‍ വഹിക്കാനാവില്ല.

നോര്‍ക്ക ഡയറക്ടറായി രേഖകളിലുള്ളതിന്റെ പേരിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയോഗ്യരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. വെബ്‌സൈറ്റ് കൃത്യമായി നവീകരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയുണ്ടായേനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. അയോഗ്യത കല്‍പ്പിച്ച വീക്ഷണം ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ചെന്നിത്തലയ്‌ക്കെതിരെ നടപടി.

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 12,000 കമ്പനികള്‍ക്കാണ് ഒറ്റയടിക്ക് അയോഗ്യത. ഇവിടത്തെ 14,000 ഡയറക്ടര്‍മാര്‍ അയോഗ്യരായി. ഇവര്‍ക്ക് 2021 വരെ അയോഗ്യത. തുടര്‍ച്ചയായ മൂന്നു വര്‍ഷം ബാലന്‍സ് ഷീറ്റ് അടക്കമുള്ള യാതൊരു രേഖകളും സമര്‍പ്പിക്കാതെ വന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് കേന്ദ്രം കടന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിനെതിരെയും നടപടിയുണ്ട്. പൂട്ടിയ സ്ഥാപനമായി നോര്‍ക്കയെ പ്രഖ്യാപിച്ചു. നോര്‍ക്ക ഡയറക്ടര്‍ സ്ഥാനത്തുള്ളതിനാലാണ് എം.എ. യൂസഫലിക്കെതിരെ നടപടി. 51 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള നോര്‍ക്കയ്‌ക്കെതിരെ നടപടി വന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു.

ജയിലില്‍ കഴിയുന്ന ജയലളിതയുടെ തോഴി ശശികലയുടെ പേരിലുള്ള നാല് കള്ള കമ്പനികള്‍ക്കെതിരെയും നടപടി. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ കൃത്യമായ സാമ്പത്തിക ഇടപാടു വിവരങ്ങള്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇതു ചെയ്യാത്തതിനാലാണ് നടപടി. കടലാസു കമ്പനികളുടെ പേരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കിയത്. ദല്‍ഹിയില്‍ മുക്കാല്‍ ലക്ഷത്തോളം ഡയറക്ടര്‍മാരെയും മുംബൈയില്‍ 66,851 പേരെയും ഹൈദരാബാദില്‍ 41,156 പേരെയുമാണ് അയോഗ്യരാക്കിയത്.

ബിസിനസില്‍ സജീവമല്ലാത്തതും കൃത്യമായ ആസ്തികള്‍ കൈവശമില്ലാത്തതുമായ കോര്‍പ്പറേറ്റ് സംരംഭങ്ങളാണ് ഷെല്‍ കമ്പനികള്‍ അഥവാ കടലാസ് കമ്പനികള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പിനും മറ്റു നിയമ വിരുദ്ധ നടപടികള്‍ക്കുമാണ് കള്ള കമ്പനികള്‍ വഴി പ്രധാനമായും ശ്രമങ്ങള്‍. കമ്പനീസ് ആക്ടിലെ സെക്ഷന്‍ 248(1), 248(2) എന്നീ വകുപ്പുകള്‍ വഴി കമ്പനികളുടെ അംഗീകാരം പൂര്‍ണ്ണമായും താത്കാലികമായും റദ്ദാക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.