1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2022

സ്വന്തം ലേഖകൻ: ചണ്ഡിഗഢ് യൂനിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ സഹപാഠിയായ പെൺകുട്ടി ചോർത്തിയത് അറുപതോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങളെന്ന് റിപ്പോർട്ട്. കുളിമുറി ദൃശ്യങ്ങൾ കൂടാതെ പെൺകുട്ടികളുടെ ശൗചാലയ ദൃശ്യങ്ങളും വിദ്യാർഥിനി ചോർത്തിയിരുന്നുവെന്നാണ് വിവരം.

വിദ്യാർഥിനി പകർത്തിയ വനിത ഹോസ്റ്റലിലെ കുളിമുറി-ശൗചാലയ ദൃശ്യങ്ങൾ ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ആൺ സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ആൺ സുഹൃത്താണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

വനിത ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മൊഹാലിയിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം അരങ്ങേറിയത്. രാത്രി വൈകിയും യൂനിവേഴ്സിറ്റി കാമ്പസിൽ നിന്ന് പിന്മാറാൻ തയാറായില്ല. സംസ്ഥാന സർക്കാർ-പൊലീസ് തലങ്ങളിൽ പ്രശ്നപരിഹാര ചർച്ച നടന്നുവെങ്കിലും രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായിട്ടില്ല.

ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനി അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിദ്യാർഥിനിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഹാലി സൈബർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് മൊഹാലി എസ്.എസ്.പി വിവേക് സോണി അറിയിച്ചു.

അതേസമയം, വിദ്യാർഥികളുടെ ആരോപണം യൂനിവേഴ്സിറ്റി അധികൃതർ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദൃശ്യങ്ങൾ ചോർന്നതും വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചതുമായ വാർത്തകൾ അധികൃതർ നിഷേധിച്ചു.

വിദ്യാർഥികളോട് പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബയിൻ അഭ്യർഥിച്ചു. തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ല. പ്രശ്നം വൈകാരികമാണ്. ഞങ്ങളുടെ ​സഹോദരിമാരുടേയും മക്കളുടെയും ആത്മാഭിമാനത്തെയാണ് സംഭവം ബാധിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.