സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 71 ലക്ഷം പിഴയും. പിഴയായി അടക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനും തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യയും ആറാം സാക്ഷിയുമായ അമലിനെതിരേ പ്രോസിക്യൂഷന് നടപടിക്കും ജഡ്ജി ഉത്തരവിട്ടു.
നിഷാം കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് നിഷാമിനു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ കോടതി അത്യപൂര്‍വമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷവും ഏഴര മാസവും കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും 150 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
വിവിധ വകുപ്പുകളിലായി 24 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. പരീക്ഷീണിതനായാണ് നിഷാം ശിക്ഷാവിധി കേട്ടത്. ശിക്ഷ തൃപ്തികരമല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും അമ്മ അംബുജാക്ഷിയും പറഞ്ഞു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ (50) കാറിടിപ്പിച്ചും മാരകമായി പരുക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്ന കേസിലാണു നിഷാമിനെ കോടതി ശിക്ഷിച്ചത്. 2015 ജനുവരി 29നായിരുന്നു സംഭവം. നിഷാമിന്റെ ആക്രമണത്തില്‍ മാരകമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രബോസ് ഫെബ്രുവരി 16 ന് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല