1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2021

സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള അഭയാർഥികളെ ഇംഗ്ലീഷ് ചാനലിൽ തടഞ്ഞ് മടക്കി അയക്കാൻ പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ഫ്രഞ്ച് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചാനലിന് കുറുകെ കുടിയേറ്റക്കാരെ കടത്തുന്ന ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാനാണ് സർക്കാർ നീക്കം. രണ്ട് വർഷമായി വികസന ഘട്ടത്തിലായിരുന്ന പദ്ധതിയാണിത്.

ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന ബോട്ടുകൾക്കെതിരെ “ടേൺ-റൗണ്ട്” തന്ത്രങ്ങൾ പ്രയോഗിക്കാൻ ബോർഡർ ഫോഴ്സ് ജീവനക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് അധീന കടൽ അതിർത്തിയിലേക്ക് ഈ ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാൻ യുകെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

എന്നാൽ മാർഗനിർദ്ദേശങ്ങളിൽ കുടിയേറ്റക്കാരെ ഫ്രഞ്ച് തീരത്തേക്ക് തിരികെ കൊണ്ടുപോകുന്നത് ഉൾപ്പെടുമോ എന്ന് വ്യക്തമല്ല. പുതിയ നിർദ്ദേശങ്ങലോട് ഫ്രഞ്ച് സർക്കാർ ഇതിനകം തന്നെ വിയോജിപ്പ് പ്രകടമാക്കിക്കഴിഞ്ഞു. ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പ്രീതി പട്ടേലിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

ദേശീയത, പദവി, കുടിയേറ്റ നയം എന്നിവ കണക്കിലെടുത്ത് കടലിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നുവെന്ന് കത്തിൽ സൂചിപ്പിക്കുന്നു. കടലിൽ ഇത്തരം തന്ത്രങ്ങളും സമീപനവും പ്രയോഗിക്കുന്നത് ഫ്രഞ്ച് – ബ്രിട്ടീഷ് സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം യുകെക്ക് മുന്നറിയിപ്പ് നൽകി.

കുടിയേറ്റക്കാരെന്ന് കരുതുന്ന ഒരു കൂട്ടം ആളുകളെ അതിർത്തി സേന ഇന്നലെ കെന്റിലെ ഡോവറിലേക്ക് കൊണ്ടു വന്നിരുന്നു. തുടർന്ന് അഫ്ഗാനികൾ ചാനൽ മുറിച്ചു കടക്കുന്നത് മറ്റ് കുടിയേറ്റക്കാരെപ്പോലെ തന്നെ പരിഗണിക്കുമെന്ന് പട്ടേൽ പ്രസ്താനവ ഇറക്കി. കുടിയേറ്റ ബോട്ടുകൾ യുകെ സമുദ്രാതിർത്തിയിൽ നിന്ന് മാറ്റി ഫ്രാൻസിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര ഓഫീസും അറിയിച്ചു.

എന്നാൽ ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കരുതുന്ന സമയത്ത് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ബ്രിട്ടീഷ് അതിർത്തി രക്ഷാ സേനയുടെ നിലപാട്. ഇക്കാര്യം സേനാ വൃത്തങ്ങൾ യുകെ സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.