സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ അതിക്രമിച്ച് കയറി വെടിവപ്പ് നടത്തുകയും 9 പേരെ വധിക്കുകയും ചെയ്ത സംഭവത്തില്‍ വെളുത്ത വര്‍ഗക്കാരനായ പ്രതി പിടിയില്‍. സൗത്ത് കാരലിനയിലെ ലെക്‌സിങ്ടണ്‍ സ്വദേശി ഡിലന്‍ റൂഫാണ് അറസ്റ്റിലായത്.
ചാള്‍സ്റ്റണ്‍ നഗരത്തിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം വെടിവപ്പും കൂട്ടക്കൊലയും അരങ്ങേറിയത്. 14 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചാള്‍സ്റ്റണില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ നോര്‍ത്ത് കാരലിനയിലെ ഒരു ട്രാഫിക് സ്റ്റോപ്പില്‍ നിന്നാണ് ഡിലന്‍ അറസ്റ്റിലായത്.
വംശീയ വിദ്വേഷമാണു കൂട്ടക്കൊലക്കു കാരണമെന്ന് പോലീസ് അറിയിച്ചു. 26 മുതല്‍ 87 വരെ വയസുള്ളവരാണു കൊല്ലപ്പെട്ടത്. ഈ വര്‍ഷം നേരത്തെ രണ്ടു തവണ ഇരുപത്തൊന്നുകാരനായ ഡിലന്‍ റൂഫ് അറസ്റ്റിലായിരുന്നു. മയക്കു മരുന്നു കേസിലാണ് ആദ്യം ഒരു ഷോപ്പിങ് മാളില്‍ റൂഫിനെ അറസ്റ്റ് ചെയ്തത്.
നിരോധനമുള്ള സ്ഥലത്തു അതിക്രമിച്ചു കയറിയതിനായിരുന്നു രണ്ടാമത്തെ അറസ്റ്റ്. കൂട്ടക്കൊലയെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കം പ്രമുഖ മത രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു. അമേരിക്കയില്‍ അടുത്തിടെയായി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ അവസാനത്തേതാണ് സൗത്ത് കരോലിന പള്ളിയിലെ വെടിവപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല