1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്. വിമതഗ്രാമമായ കിഴക്കന്‍ ഗൂതയിലെ ദൂമയില്‍ രാസായുധ പ്രയോഗം നടത്തിയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കൊമ്പു കോര്‍ത്തത്. രാസായുധപ്രയോഗത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് സിറിയയിലെ സന്നദ്ധസംഘങ്ങള്‍ പുറത്തുവിട്ടത്.

പിന്നാലെ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി ആറു രാജ്യങ്ങള്‍ യു.എന്‍ രക്ഷാസമിതിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, രാസായുധം പ്രയോഗിച്ചുവെന്ന ആരോപണങ്ങള്‍ ബശ്ശാര്‍ സര്‍ക്കാറും സഖ്യകക്ഷിയായ റഷ്യയും തള്ളി. ആക്രമണത്തിന് യു.എസ് ശക്തമായി തിരിച്ചടി നല്‍കുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി വ്യക്തമാക്കി. കൂട്ടക്കുരുതിക്കായി ബശ്ശാര്‍ സര്‍ക്കാറിന് എല്ലാ സഹായവും നല്‍കുന്നത് റഷ്യയും ഇറാനുമാണെന്നും അവര്‍ ആരോപിച്ചു.

സിറിയയില്‍ ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് തയാറാണെന്നും നിക്കി വ്യക്തമാക്കി. അതിനിടെ, സിറിയയില്‍ സൈനികനീക്കത്തിനാണ് യു.എസ് ഉദ്ദേശിക്കുന്നതെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യയും തിരിച്ചടിച്ചു. അന്വേഷണംപോലും നടത്താതെ സംഭവത്തിന്റെ ഉത്തരവാദിത്തം റഷ്യയുടെയും ഇറാന്റെയും ചുമലില്‍ കെട്ടിവെക്കുന്നത് ബാലിശമാണെന്ന് റഷ്യന്‍ അംബാസഡര്‍ വസ്‌ലി നെബന്‍സിയ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയില്‍ നിന്ന് പുറത്തുവരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ശ്വാസം മുട്ടിപ്പിടയുന്ന ചിത്രങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.