1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, രൂക്ഷ പ്രതികരണങ്ങളുമായി ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും, സിറിയക്ക് മാപ്പില്ലെന്ന് ട്രംപ്. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ക്കുന്‍ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഭവത്തില്‍ രാസായുധ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സാലമ പറഞ്ഞു.

ഇത്തരം രാസായുധ ഉപകരണങ്ങളുടെ ഉപയോഗം തടയുന്നതിനു അന്താരാഷ്ട്ര നിയമങ്ങള്‍ നിലവിലുള്ളതാണെന്നും, രാസായുധ ഉപകരണങ്ങളുടെ ഉപയോഗം നാടിനു താങ്ങാന്‍ കഴിയാത്തത്ര ഭീകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ ഇഡ്‌ലിബില്‍ കുറവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് അടിയന്തര വൈദ്യസഹായമുള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സിറിയയിലെ രാസായുധാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അക്രമണത്തെ യു.എസ്, ഫ്രാന്‍സ്, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും അപലപിച്ചു. ആക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അേന്റാണിയോ ഗുട്ടറസ് പ്രതികരിച്ചത്. അക്രമണം യുദ്ധക്കുറ്റമാണെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ അനുകൂലിക്കുന്ന റഷ്യയും ഇറാനും ഇതിന് ഉത്തരം നല്‍കേണ്ടി വരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍ അറിയിച്ചു.

ആകാശത്ത് നിന്നുണ്ടായത് ഭീകരമായ അക്രമണമെന്ന് സിറിയയിലെ യു.എന്നിെന്റ പ്രത്യേക ദൂതന്‍ സ്റ്റഫന്‍ ഡി മിസ്തുറ പറഞ്ഞു. സിവിലിയന്‍മാര്‍ക്ക് നേരെയും ആശുപത്രികള്‍ക്കും നേരെയുമുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ ആക്രമണം ഏറെ മൃഗീയമായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പ്രതികരിച്ചു.

സിറിയന്‍ ഭരണകൂടത്തിനു മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. ഈ സംഭവത്തോടെ അസദിനോടുള്ള തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നും രാസായുധ ആക്രമണമല്ല ഉണ്ടായിട്ടുള്ളത് എന്ന അസദിന്റെ വാദം പരിഹാസ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ഭരണകൂടത്തിനെതിരെ എന്തു നടപടിയെടുക്കാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അസാദിനു പിന്തുണയുമായി രംഗത്തെത്തിയ റഷ്യ ഇറാക്കില്‍ ഉപയോഗിക്കാനായി ബോംബുകളും വിഷവസ്തുക്കളും മറ്റും വിമതര്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയിലാണ് സിറിയ വ്യോമാക്രണം നടത്തിയതെന്ന് വ്യക്തമാക്കി. റഷ്യന്‍ എയര്‍സ്‌പേസ് കണ്‍ട്രോളിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഡിപ്പോ തകര്‍ന്നതിനെത്തുടര്‍ന്നാണു വിഷവാതകം പ്രസരിച്ചത്. എന്നാല്‍ ഡിപ്പോയിലെ ആക്രമണം മനപ്പൂര്‍വമായിരുന്നോ അല്ലയോ എന്ന കാര്യം റഷ്യ വ്യക്തമാക്കിയില്ല.

സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ക്കുന്‍ പട്ടണത്തില്‍ വിമാനത്തില്‍നിന്നുള്ള വിഷവാതക പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 70 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യമാണ് രാസായുധ പ്രയോഗത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധ രംഗങ്ങളില്‍ നിരോധിക്കപ്പെട്ട വിഷവാതകമായ സരീനാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കുമേല്‍ പ്രയോഗിച്ചത്. മരണസംഖ്യ യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ടു ചെയ്തതിലും കൂടുതലാണെന്നാണ് സൂചന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.