1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 15.7 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് കനത്ത മഴ പെയ്തതോടെ പലയിടത്തും പോളിങ് മന്ദഗതിയിലായി. 76.3 ശതമാനമാണ് ഏറ്റവും ഒടുവിലത്തെ നില. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തിതുടങ്ങിയിരുന്നു നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിങ് ആദ്യ ഘട്ടത്തില്‍ നടന്നു. എട്ട് മണി ആകുമ്പോഴേക്കും 7.8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങി.

ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ആശങ്കയുണ്ട്. താരതമ്യേനെ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്താറുള്ള ചെങ്ങന്നൂരില്‍ 2011ല്‍ 70.87 ശതമാനവും 2016ല്‍ 74.36 ശതമാനവുമായിരുന്നു പോളിങ്.

ഇത്തവണ ഇതിനും മുകളിലേക്ക് പോകുമെന്ന സൂചനയാണ് ആദ്യ മണിക്കൂറുകള്‍ നല്‍കിയത്. തൃപ്പെരുന്തുറയില്‍ വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടിങ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. മുളക്കുഴയില്‍ വൈദ്യുതി നിലച്ചതിന് തുടര്‍ന്നും 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് മുന്നണികള്‍ ആശങ്കയോടും പ്രതീക്ഷയോടും കൂടിയാണ് കാണുന്നത്.

ഇതിനുമുന്‍പ് ഇതില്‍ കൂടുതല്‍ പോളിങ് ശതമാനം ഉയര്‍ന്നത് 1987ല്‍ ആയിരുന്നു. 79.69 ശതമാനം. അന്ന് വിജയിച്ചത് എല്‍.ഡി.എഫി.ലെ മാമന്‍ ഐപ്പായിരുന്നു. അതിനുശേഷം പോളിങ് ശതമാനം ഉയര്‍ന്നത് 2016ലാണ്. 74.12 ശതമാനം. അന്നും വിജയം എല്‍.ഡി.എഫിനായിരുന്നു. കെ.കെ. രാമചന്ദ്രന്‍നായരായിരുന്നു ജയിച്ചത്. യു.ഡി.എഫ്. വിജയിച്ച 1991 മുതല്‍ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പോളിങ് 71.18 നും 72.62 ശതമാനത്തിനും ഇടയ്ക്കായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.