സ്വന്തം ലേഖകൻ: 2024 ഡിസംബർ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഗഡ്കരി സഭയിൽ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തിൽ ഞാൻ ആത്മവിശ്വാസം നൽകുകയാണ്. ഡിസംബർ മാസം മുതൽക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയിൽ പറഞ്ഞു.
നാല് മുതൽ അഞ്ചുവരെ മണിക്കൂർ സമയമെടുക്കും നിലവിൽ ഈ നഗരങ്ങൾക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട് 38 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ഈ എക്സ്പ്രസ്‌വേയിലെ വേഗപരിധി.
തമിഴ്നാട് സർക്കാർ പദ്ധതിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ കുറെക്കൂടി സഹകരിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. താൻ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. പക്ഷെ, അസംസ്കൃത വസ്തുക്കൾ ലഭിക്കാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി താൻ സംസാരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല