
സ്വന്തം ലേഖകൻ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന്‍ രാജഗോപാല്‍ ഇതിനു മുമ്പും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതായി പോലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു.
25-ന് രാവിലെയാണ് നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഗ്രൂപ്പായ പദ്മശേഷാദ്രി ബാലഭവന്റെ കെ.കെ.നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്. സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍, ജി.വി പ്രകാശ്, അനിരുദ്ധ്, സൈന്ധവി തുടങ്ങിയവര്‍ പഠിച്ച സ്ഥാപനമാണ് പത്മശേശാദ്രി. ഓണ്‍ലൈന്‍ ക്ലാസിനു കുളിമുറിയില്‍ നിന്ന് നേരെ ഇറങ്ങിവന്നതുപോലെ തോര്‍ത്ത് മാത്രമുടുത്തു പ്രത്യക്ഷപെടുക, പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചു വര്‍ണന നടത്തുക,
പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ ആവശ്യപ്പെടുക- ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ സ്‌കൂളുകളില്‍ ഒന്നായ പത്മശേശാദ്രി ബാലഭവനിലെ ഒരധ്യാപകന്റെ ലീലാവിലാസങ്ങള്‍ കേട്ടു നടുങ്ങുകയാണു തമിഴകം. രണ്ടുപതിറ്റാണ്ടിലേറെയായി നടക്കുന്ന അധ്യാപകന്റെ ക്രൂരത ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തറിയാന്‍ തുടങ്ങിയത്.
കെ.കെ.നഗറിലെ സ്‌കൂളിലെ പ്ല്‌സ്ടു കോമേഴ്‌സ് അധ്യാപകനായ രാജഗോപാല്‍ ക്ലാസെടുക്കാന്‍ ടോപ് ലെസായി എത്തിയതോടെ പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്തു പൂര്‍വ വിദ്യാര്‍ഥിയായ മോഡല്‍ ക്രിപാലിക്കു അയച്ചുനല്‍കി. ക്രിപാലി വിഷയം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ സമാന അനുഭവങ്ങളുണ്ടായതിന്റെ തെളിവുകള്‍ പുറത്തുവിട്ടു.
സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ എം.പിമാരായ കനിമൊഴിയും ജ്യോതിമണിയും നടപടി ആവശ്യപ്പെട്ടു രംഗത്തിറങ്ങി. തുടര്‍ന്ന് സ്‌കൂളില്‍ പരിശോധന നടത്തിയ പൊലീസ് അധ്യാപകനെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപെടുത്തി. രാജഗോപാലിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഈ ഫോണില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. വിരുഗംപാക്കം മഹിളാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അതിനിടെ സ്‌കൂളിനോടു വിദ്യഭ്യാസ വകുപ്പ് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല