1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2022
Labour’s Samantha Dixon celebrates after winning the Chester by-election (Photo: Danny Lawson/PA)

സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിക്കു ജനങ്ങളുടെ പിന്തുണ കൂടിവരുന്നെന്ന അഭിപ്രായ സര്‍വേകള്‍ ശരിവയ്ക്കുന്നതായി ചെസ്റ്റര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ഥിയുടെ വന്‍ വിജയം. ബോറിസ് ജോണ്‍സണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബറിനു തിളക്കമാര്‍ന്ന വിജയം ആണ് ലഭിച്ചത്. ലേബറിന്റെ സാമന്ത ഡിക്സണ്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ വിജയം കൈവരിച്ചത്. സാമന്ത17,309 വോട്ടുകള്‍ നേടി.

തങ്ങള്‍ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി റിഷി സുനകിനുള്ള വ്യക്തമായ സന്ദേശമാണെന്നും ഇത് ജനങ്ങള്‍ എത്രമാത്രം മാറ്റത്തെ ആഗ്രഹിക്കുന്നുവെന്നുള്ളതിന്റെ വ്യക്തമായ തെളിവായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാള്‍ വളരെ ഉയര്‍ന്ന ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം ലേബറിന്റെ കുതിപ്പാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 1832നു ശേഷം ചെസ്റ്ററിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്ന ഏറ്റവും മോശം ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച ലിസ് വാര്‍ഡ്‌ലോയ്ക്ക് 6,335 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം തന്റെ വിജയപ്രഖ്യാപനത്തിനു ശേഷമുള്ള പ്രസംഗത്തില്‍ ആളുകള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ചെസ്റ്ററിലെ ഈ വിജയം അതിനെയാണ് സൂചിപ്പിക്കുന്നതെന്നും രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ശരിക്കും ആശങ്കാകുലരാണെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.