1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2017

സ്വന്തം ലേഖകന്‍: ‘പോലീസ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ഷോക്ക് അടിപ്പിക്കും,’ ഛത്തീസ്ഗഡിലെ പോലീസ് ക്രൂരതകളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെയാണ് ചത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികള്‍ നേരിടുന്ന ക്രൂരമായ പോലീസ് പീഡനങ്ങള്‍ വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. 14നും 16നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളെ വിവസ്ത്രരാക്കി കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കാറുണ്ട്. എന്തിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്. ആ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ വര്‍ഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ബസ്തറില്‍ ഇരു ഭാഗത്തുമായി പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്‍മാര്‍ തന്നെയാണെന്ന് വര്‍ഷ പറയുന്നു. ‘മുതലാളിത്ത വ്യവസ്ഥ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നു. അവരുടെ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കുന്നു. അവരുടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത് നക്‌സലിസം അവസാനിപ്പിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ആദിവാസികളുടെ ഭൂമിയും വനവും പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്.’

‘ഇത് ആദിവാസികളുടെ ഭുമിയാണ്. ഇവിടം വിട്ട് അവര്‍ക്ക് മറ്റെങ്ങും പോകാന്‍ കഴിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും നിയമ സംവിധാനങ്ങള്‍ വേട്ടയാടുന്നു. കള്ളക്കേസുകളില്‍ കുടുക്കുന്നു,’ എന്ന് എഴുതുന്ന വര്‍ഷ അവര്‍ നീതി തേടി ആരെയാണ് സമീപിക്കുന്നത് എന്നും ചോദിക്കുന്നു. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ജയിലിലേക്ക് അയക്കുകയാണെന്നും വര്‍ഷ കൂട്ടിച്ചേര്‍ക്കുന്നു.

ഹിന്ദിയില്‍ എഴുതിയ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചിട്ടുണ്ട്. സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഷയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോസ്റ്റില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ഛത്തീസ്ഗഡ് ജയില്‍ വകുപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.