1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: എച്ച് എം ആര്‍ സി നല്‍കുന്ന ആനുകൂല്യമായ ചൈല്‍ഡ് ബെനഫിറ്റ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നഷ്ടമായേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ആളുകള്‍, അര്‍ഹതയുണ്ടായിട്ടും ചൈല്‍ഡ് ബെനെഫിറ്റിന് അപേക്ഷിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ആദ്യ കുട്ടിക്ക്, പ്രതിവര്‍ഷം 1,331 പൗണ്ടും പിന്നീടുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 881 പൗണ്ടുമാണ് ചൈല്‍ഡ് ബെനഫിറ്റ്. എച്ച് എം ആര്‍ സിയുടെ ആപ്പ് വഴിയോ ഓണ്‍ലൈന്‍ ആയോ ഇതിന് അപേക്ഷിക്കാം.

ഏകദേശം 7,65,000 രക്ഷകര്‍ത്താക്കള്‍, ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിട്ടും ഇനിയും അപേക്ഷിച്ചിട്ടില്ലെന്ന് പോളിസി ഇന്‍ പ്രാക്ട്രീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്, ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ഉടനടി അപേക്ഷിക്കണം എന്ന് എക്‌സ് പ്ലാറ്റ് ഫോമിലൂടെ എച്ച് എം ആര്‍ സി ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ച് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളെ വളര്‍ത്താന്‍ ഈ സഹായം തീര്‍ച്ചയായും ഉപകരിക്കും. ഇതിന് അപേക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് ശരാശരി 17,000 പൗണ്ടോളം നഷ്ടമാകുന്നു എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

അടുത്തിടെ ഉണ്ടായ ചില മാറ്റങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ലഭിച്ചിടുണ്ട്. അതോടൊപ്പം ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യം പ്രതിവര്‍ഷം 1,331 പൗണ്ടായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇതനുസരിച്ച്, ഒരു കുട്ടി മാത്രമുള്ള മാതാപിതാക്കള്‍ക്ക്, അല്ലെങ്കില്‍ ഒന്നിലധികം കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ക്ക് അവരുടെ ആദ്യ കുട്ടിക്കായി ഓരോ നാലാഴ്ച കൂടുമ്പോഴും 102.4 പൗണ്ട് വീതം ലഭിക്കും. മറ്റുള്ള കുട്ടികള്‍ ഓരോത്തര്‍ക്കും ഓരോ നാലാഴ്ച്ച കൂടുമ്പോഴും 67.80 പൗണ്ട് വീതവും ലഭിക്കും.

നിലവില്‍, ഈ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് എച്ച് എം ആര്‍ സിയെ ബന്ധപ്പെടേണ്ടതില്ല. വര്‍ദ്ധിപ്പിച്ച തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരും. ഈ ആനുകൂല്യത്തിനായി പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് എച്ച് എം ആര്‍ സി ആപ്പ് വഴിയോ, ഓണ്‍ലൈന്‍ ആയോ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യു കെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍, ചൈല്‍ഡ് ബെനെഫിറ്റ് എന്ന് സേര്‍ച്ച് ചെയ്യുക. ഇതിനുള്ള നിബന്ധനകളില്‍ ചിലത് മാറ്റുക വഴി 1,70,000 ഓളം കുടുംബങ്ങള്‍ക്ക് അധികമായി ഈ ആനുകൂല്യം ലഭിക്കും.

കോവിഡിന്റെ അനന്തരഫലങ്ങളും, യുക്രെയിന്‍ യുദ്ധവും ജീവിത ചെലവുകള്‍ ഉയര്‍ത്തിയതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഒട്ടുമിക്ക കുടുംബങ്ങളും കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ, നിയമപ്രകാരം ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു ആനുകൂല്യവും വേണ്ടെന്ന് വയ്ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരതി, ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടൊ എന്ന് കണ്ടെത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.