1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ: ജൂഡോ ക്ലാസിനിടെ പരിശീലകന്‍ 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തായ്‍വാനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യ തായ്ചുങ് നഗരത്തിലെ ഫെങ് യുവാൻ ആശുപത്രിയില്‍ ഏപ്രില്‍ 21നാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തോളം കോമയിലായിരുന്ന കുട്ടിക്ക് ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ജീവന്‍രക്ഷാ സംവിധാനം ചെയ്യാന്‍ നീക്കം ചെയ്യാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ എ.എഫ്.പിയോട് പറഞ്ഞു.

കുട്ടിയുടെ ഹുവാങ് എന്ന കുടുംബപ്പേര് മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. സംഭവത്തിന് ഉത്തരവാദിയായ കോച്ച് കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇയാള്‍ പരിശീലനത്തിനിടെ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ജൂഡോയിലെ അടിസ്ഥാനനീക്കങ്ങളെ കുറിച്ച് ധാരണയില്ലാതിരുന്ന ഹുവാങ്ങിനെ സംഭവദിവസം മറ്റു കുട്ടികള്‍ക്കൊപ്പം പരിശീലനം നടത്താന്‍ കോച്ച് നിര്‍ദേശം നല്‍കി.

കോച്ച് ഒരു വിഡ്ഢിയാണെന്ന പറഞ്ഞ കുട്ടിയുടെ പരിഹാസം കേള്‍ക്കാനിടയായ ഇയാള്‍ കുട്ടിയെ നിലത്തെറിഞ്ഞു കൊണ്ട് പരിശീലനം തുടര്‍ന്നു. തലവേദനിക്കുന്നുവെന്ന് കുട്ടി പറഞ്ഞിട്ടും നിര്‍ത്തിയില്ല. കുട്ടി ബോധരഹിതനാകുന്നതു വരെ നിലത്തെറിയുകയും ചെയ്തു.

തനിക്ക് ഇനി സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഹുവാങ് ഒന്നിലധികം തവണ പരിശീലകനോട് അപേക്ഷിച്ചതായി തായ്‌വാനിലെ കേന്ദ്ര വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ അമ്മാവന്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കോച്ചിനെ തടയാന്‍ സാധിച്ചില്ല.

”മറ്റൊരു ലോകത്ത് നീ വിശ്രമിക്കൂ. നീതിന്യായ വ്യവസ്ഥക്ക് നിന്‍റെ കുടുംബത്തിന് സമാധാനവും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കാം” കുട്ടിയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് തായ്ചുങ് സിറ്റി മേയർ ലു ഷിയോവ്-യെൻ ഫേസ്ബുക്കില്‍ കുറിച്ചു. മേയര്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.