ഇന്റര്‍നെറ്റിനെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ സിലിക്കണ്‍വാലിയിലെ ടെക്ക് ഭീമന്മാര്‍ കൈകോര്‍ക്കുന്നു.
ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹു, ട്വിറ്റര്‍ എന്നീ കമ്പനികള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് ഓണ്‍ലൈനില്‍നിന്ന് ചൈല്‍ഡ് പോണോഗ്രഫി തുടച്ചുനീക്കാനുള്ള ഉദ്യമത്തിനാണ് തുടക്കമിടുന്നത്.
ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ടാഗുകള്‍ കോഡ് രൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഐഡബ്ല്യുഎഫ് വികസിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഈ ചിത്രത്തിന് മേല്‍ ടാഗ് വീണാല്‍ പിന്നീട് ഈ ചിത്രം അനായാസം ട്രെയിസ് ചെയ്യാന്‍ സാധിക്കും. ഐഡബ്ല്യുഎഫ് ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഹാഷിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മേല്‍പ്പറഞ്ഞ അഞ്ച് കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഇത് പൊതുജനത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തെക്കുറിച്ചും ഐഡബ്ല്യുഎഫ് അധികൃതര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെക്ക് കമ്പനികളുമായി കൈകോര്‍ത്ത് ഐഡബ്ല്യുഎഫ് ഉദ്ദേശ്യിക്കുന്ന സംവിധാനം നടപ്പിലാക്കിയാല്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ഐഡബ്ല്യുഎഫിന്റെ ചൈല്‍ഡ് പോണോഗ്രഫി ടാഗ് വീണിട്ടുള്ള ചിത്രങ്ങളാണെങ്കില്‍ ഇവ ഈ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഇമെയിലുകളിലും മറ്റും ഗൂഗിള്‍ ഈ സ്‌കാനിംഗ് സംവിധാനം നേരത്തെയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, മറ്റ് കമ്പനികളുമായി ഗൂഗിള്‍ കൂടെ കൈകോര്‍ക്കുമ്പോള്‍ അത് ടെക്ക് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല