സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് തുര്‍ക്കിയും ചൈനയും, പ്രസ്താവന സ്വാഗതം ചെയ്ത് പാകിസ്താന്‍, മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇക്കാര്യം അറിച്ചത്. കശ്മീരില്‍ ഇനിയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കരുത്. മേഖലയിലെ പ്രശ്‌ന പരിഹാരത്തിനും സമാധാനം ഉറപ്പ് വരുത്തുന്നതിനും ബഹുമുഖ സംഭാഷണം വേണം. കശ്മീര്‍ പ്രശ്‌നത്തില്‍ ഞങ്ങള്‍ക്ക് ഭാഗഭാക്കാകാന്‍ കഴിയും എന്നായിരുന്നു എര്‍ദോഗന്റെ പ്രസ്താവന.
കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പരാമര്‍ശമുള്ളത്. ചൈനയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞിരുന്ന ചൈനയുടെ ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലൂടെ പോകുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയെ കരുതിയാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് സൂചന. വന്‍നിക്ഷേപം നടത്തുന്ന ഈ പദ്ധതിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കാരണം പരിക്കേല്‍ക്കരുതെന്നാണ് ചൈനയുടെ ചിന്ത. രോഹിംഗയ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ മ്യാന്‍മറും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചത് ചൈനയാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
എന്നാല്‍ കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക് സൈനികരുടെ നടപടി അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് മധ്യസ്ഥതാ വാഗ്ദാനങ്ങള്‍. എന്നാല്‍ പാകിസ്താന് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല