1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: ചൈനയുൾപ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങളാണ് പരിസമാപ്തിയിലേക്കെത്തിയത്. 2012-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു.

‘എട്ടുവര്‍ഷത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിന്‍ സുവാന്‍ ഫുക്ക് പറഞ്ഞു. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതല്‍ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവിടേക്ക് സ്വതന്ത്രമായുള്ള പ്രവേശനവും ചൈന ലക്ഷ്യമിടുന്നു.

ജപ്പാന്‍ മുതല്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് വരെ നീളുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ താരിഫ് കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പുതിയ ഇ-കൊമേഴ്സ് നിയമങ്ങള്‍ ക്രോഡീകരിക്കുക എന്നിവയാണ് ലക്ഷ്യം. യുഎസ് കമ്പനികളേയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളേയും ഇത് ദോഷകരമായി ബാധിച്ചേക്കും. ട്രാന്‍സ്-പസഫിക് പങ്കാളിത്തം എന്നറിയിപ്പെട്ടിരുന്ന പ്രത്യേക ഏഷ്യ-പസഫിക് വ്യാപാര ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഒട്ടേറെ ആശങ്കകള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍.സി.ഇ.പി. യില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്. ചൈനയ്ക്ക് പുറമെ ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, ബ്രൂണെ, ചൈന, കംബോഡിയ, ഇന്‍ഡോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഇതില്‍ പങ്കാളികളായിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.