
സ്വന്തം ലേഖകൻ: പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കൊവിഡ് വാക്‌സിനുകള്‍ ചൈനയില്‍ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ എടുക്കാം എന്ന നയം ദുരുപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിനുപേര്‍ സാഹസത്തിന് മുതിരുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
ചൈന വികസിപ്പിക്കുന്ന വാക്‌സിനുകളൊന്നും പരീക്ഷണത്തിലൂടെ ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വ്യാപകമായി വാക്‌സിന്‍ എടുക്കുന്നത് ആരോഗ്യ വിദഗ്ധരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ ചൈനയില്‍ വ്യാപകമായി ലഭ്യമാണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ ഉന്നതരും തങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് അഭിമാനത്തോടെയാണ് പറയുന്നത്.
യിവു നഗരത്തില്‍ ഒരു മണിക്കൂറിനിടെ 500 ഡോസുകളാണ് വിറ്റഴിക്കപ്പെട്ടത്. പല നഗരങ്ങളിലും എന്ത് അടിയന്തര സാഹചര്യത്തിലാണ് വാക്‌സിന്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവരോട് ചോദിക്കുന്നുണ്ട്. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ എടുക്കുന്നവര്‍ക്ക് ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സുരക്ഷിതമായ കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിയാലും മുമ്പ് ഒരുതവണ വാക്‌സിന്‍ എടുത്തവര്‍ക്ക് അത് നല്‍കില്ല. ചൈനയിലെ എത്രപേര്‍ ഇതിനകം വാക്‌സിന്‍ എടുത്തു കഴിഞ്ഞുവെന്ന് വ്യക്തമല്ല.
ചൈനയിലെ മൂന്നോ നാലോ വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് അവ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. വാക്‌സിന്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ എടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ അതുസംബന്ധിച്ച ഒരു വിവരവും അവര്‍ പുറത്തുവിട്ടിട്ടില്ല.
ലോകത്ത് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഏറ്റവുംകൂടുതല്‍ ജനങ്ങളുള്ളത് ചൈനയിലാണ്. ചൈനീസ് കമ്പനിയായ സിനോഫാം നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ ഒരുലക്ഷം പേര്‍ക്ക് നല്‍കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവരില്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കമ്പനി പറയുന്നു. 56,000 പേര്‍ വാക്‌സിന്‍ എടുത്തശേഷം വിദേശത്തേക്ക് പോയെന്നും അവര്‍ക്കൊന്നും കൊവിഡ് ബാധിച്ചില്ലെന്നും കമ്പനി പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാമിന്റെ ആസ്ഥാനത്തിനു മുന്നില്‍ ജനങ്ങള്‍ ക്യൂനിന്ന് കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളാണ് എല്ലാവരും എടുക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല