
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിനോടു ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്രാ നദിയിൽ അണക്കെട്ട് നിർമിക്കാൻ ചൈനീസ് പാർലമെന്റ് അനുമതി നൽകി. പദ്ധതിയുടെ ഭാഗമായ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിർമാണത്തിന് പാർലമെന്റ് അംഗീകാരം നൽകിയത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെജിയാംഗ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത നാണഷൽ പീപ്പിൾ കോൺഗ്രസ് സമ്മേളനമാണു പദ്ധതി അംഗീകരിച്ചത്. 2035 വരെ ലക്ഷ്യം വച്ചാണ് 2021-2025 വർഷത്തെ പദ്ധതികൾക്കു രൂപം നൽകിയിരിക്കുന്നത്.
ഇന്ത്യയും ബംഗ്ലദേശും ആശങ്ക അറിയിച്ചിരിക്കുന്ന മേഖലയില്‍ തന്നെയാണ് അണക്കെട്ട് നിര്‍മിക്കാന്‍ ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ചൈന തള്ളുകയായിരുന്നു. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്നാണു സൂചന.
നദീജലം ഒഴുകിയെത്തുന്ന രാജ്യങ്ങളുടെ താല്പര്യങ്ങള് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കു സമീപമാണ് നിർമ്മാണം എന്നതിനാൽ സുരക്ഷാ ആശങ്കയും ഇന്ത്യയ്ക്കുണ്ട്. യുദ്ധ സാഹചര്യത്തിൽ ഡാം തുറന്നു വിട്ട് മിന്നൽ പ്രളയമുണ്ടാക്കാനും വേനലിൽ വെള്ളം കെട്ടി നിർത്തി വരൾച്ചയുണ്ടാക്കാനും ചൈന ശ്രമിച്ചേക്കുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ചൈനയുടെ പ്രദേശത്തുള്ള നദിയിലാണ് നിലയം സ്ഥാപിക്കുന്നതെന്നും മറ്റ് രാജ്യങ്ങളുമായി പങ്കിടുന്ന ജലവിഭവത്തിന്റെ ഉപയോഗത്തിൽ ചൈന എന്നും ഉത്തരവാദിത്തത്തോടെ പെരുമാറിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്വിങ് പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശുമായി പ്രളയ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കിടുന്നത് തുടരും. ഇരു രാജ്യങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഹുവാ ചുന്വിങ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല