1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വെളിപ്പെടുത്തല്‍. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. പ്രദേശത്തെ വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ വിവരം അധികൃതര്‍ അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കെട്ടിടങ്ങള്‍ നിര്‍മിച്ച സ്ഥലത്തേക്ക് പോകാന്‍ ചൈനീസ് സൈനികര്‍ വില്ലേജ് കൗണ്‍സില്‍ തലവനെ അനുവദിച്ചില്ല. നേപ്പാളിലെ ജനങ്ങളേയും അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. ചൈനീസ് സൈനികരോട് സംസാരിക്കാന്‍ വില്ലേജ് കൗണ്‍സില്‍ തലവന്‍ ശ്രമിച്ചുവെങ്കിലും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

തുടർന്ന് ഉടന്‍ തിരിച്ചുപോകാന്‍ ചൈനീസ് സൈനികര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ഇതോടെ മൊബൈല്‍ ഫോണില്‍ കെട്ടിടങ്ങളുടെ ചിത്രം പകര്‍ത്തിയശേഷം അദ്ദേഹം മടങ്ങി. നേപ്പാള്‍ അതിര്‍ത്തി രണ്ട് കിലോമീറ്ററോളം കൈയേറിയാണ് ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.

നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.