1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2021

സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നടത്തിയ ഏറ്റുമുട്ടലില്‍ ചൈനീസ് സേനയ്ക്കുള്ള ആള്‍നാശത്തിന്റെ കണക്ക് പുറത്തു വരുന്നു. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് വെള്ളിയാഴ്ച ചൈന സൈനിക ബഹുമതി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കേണലിന് പുറമേ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതി പ്രഖ്യാപിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു.

2020 ജൂണിലായിരുന്നു ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. സംഭവത്തില്‍ മരണപ്പെട്ട സൈനികര്‍ക്ക് പുറമേ ഗുരുതരമായി പരിക്കേറ്റ കേണലിനും ബഹുമതി നല്‍കുന്നുണ്ട്. ജൂണില്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് മരണാനന്തര ബഹുമതി നല്‍കുന്നതായി സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനെ ഉദ്ധരിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി എഴുതി.

”അതിര്‍ത്തി കാക്കുന്ന ഹീറോ റജിമെന്റല്‍ കമാന്‍ഡര്‍” എന്ന് വിശേഷിപ്പിച്ച് പിഎല്‍എ യുടെ സിന്‍ജിയാംഗ് മിലിട്ടറി കമാന്റിലെ റെജിമെന്റല്‍ കമാന്‍ഡറായ ക്വി ഫബാവോ, അതിര്‍ത്തി കാക്കുന്ന വിഭാഗത്തിലെ ഹീറോ എന്ന് വിശേഷിപ്പിച്ച് ചെന്‍ ഹോംഗ്ജുന്‍ എന്നിവര്‍ക്ക് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ അവാര്‍ഡും ചെന്‍ ഷിയാംഗ് റോംഗ്, ഷിയാവോ സിയുവാന്‍, വാങ് സൗറാന്‍ എന്നിവര്‍ക്ക് ഫസ്റ്റ്ക്ലാസ്സ് മെറിറ്റ് എന്നിവയും നല്‍കുന്നതായി ഗ്‌ളോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ 2020 ജൂണില്‍ ആയിരുന്നു ഗല്‍വാന്‍ താഴ്‌വാരത്ത് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നേരിട്ട പരിക്കുകളേക്കുറിച്ചോ ആള്‍ നഷ്ടത്തെക്കുറിച്ചോ ചൈന ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.

എന്നിരുന്നാലും ചൈനയ്ക്ക് വിവിധ രീതിയില്‍ 40 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം കണക്കാക്കപ്പെട്ടത്. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 45 സൈനികരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അടുത്തിടെ റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടിഎഎസ്എസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് സൈന്യത്തിന്റെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയില്‍ ചൈന ഔദ്യോഗികമായി ഒരു സ്ഥിരീകണം നടത്തുന്നത് ഇതാദ്യമാണ്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പുറത്തു വിടുന്നത്.

കഴിഞ്ഞ മെയ് മുതല്‍ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ഉഭയസമ്മത പ്രകാരം കിഴക്കന്‍ ലഡാക്കിലെ പ്യോംഗ്യോംഗ് തടാകക്കരയില്‍ നിന്നും ഇരു സൈന്യത്തെയും പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ സംഘർഷ സാധ്യത കുറയ്ക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച പത്താംവട്ട ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.