1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ വൈറസിന്‍റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ളതാണ് ഡെൽറ്റ വൈറസ്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം രണ്ടാമത്തെ വലിയ വൈറസ് വ്യാപനമാണ് ഇപ്പോഴത്തേതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡെൽറ്റ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 11 വരെ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. കൂടുതൽ പരിശോധനകളും മറ്റ് നിയന്ത്രണങ്ങളും നഗരത്തിലും ഏർപ്പെടുത്തിയിരിക്കുകയാണ്. ചിലയിടങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി.

രണ്ടാമതൊരു കോവിഡ് പ്രഭാവം ഒഴിവാക്കാൻ കനത്ത മുൻകരുതലിലായിരുന്നു ചൈനീസ് അധികൃതർ. എന്നാൽ, വിമാനത്താവള അധികൃതരുടെ വീഴ്ചയാണ് ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 10ന് റഷ്യയിൽ നിന്നെത്തിയ വിമാനവുമായി ബന്ധപ്പെട്ട ആളുകൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വിമാന ശുചീകരണ ജീവനക്കാർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ല.

ഗ്രൗണ്ട് സ്റ്റാഫിനും ശുചീകരണ തൊഴിലാളികൾക്കുമാണ് ആദ്യം രോഗം ഉണ്ടായത്. തുടർന്ന് വിവിധ നഗരങ്ങളിലും പ്രവിശ്യകളിലും ഡെൽറ്റ സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് വാക്സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. എന്നാൽ, ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ എത്ര പേർ വാക്സിൻ സ്വീകരിച്ചവരാണെന്ന് വ്യക്തമല്ല.

ജൂലൈ 29ന് രാജ്യത്ത് 49 കേസുകളാണ് സ്ഥിരീകരിച്ചത്. ജൂലൈ 30ന് 64 പേർക്ക് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 92,930 പേർക്കാണ് രോഗം വന്നത്. 4636 പേർ മരിക്കുകയും ചെയ്തു. 971 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 26 പേരുടെ നില ഗുരുതരമാണെന്ന് വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജപ്പാനിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ 61 ശതമാനത്തോളം വര്‍ധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാന്‍ ജാപ്പനീസ് ഭരണകൂടം കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളില്‍ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഓഗസ്റ്റ് അവസാന വാരത്തോടെ രാജ്യത്തെ 40 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.