
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുകയാണ് ചൈന. രാജ്യത്ത് പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് രോഗ പ്രതിരോധം ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളുടെ പുറത്തുനിന്ന് വാതില്‍ പൂട്ടിയ ശേഷം ലോഹ വടികള്‍ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീട്ടില്‍ നിരീക്ഷണത്തിലുളളവര്‍ ഒരു ദിവസം മൂന്നു തവണയിലേറെ വീടിന്റെ വാതിലുകള്‍ തുറന്നാല്‍ ഉദ്യോഗസ്ഥര്‍ അവരെ വീടില്‍ പൂട്ടിയിടുമെന്ന് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ വുഹാനില്‍ കണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനമാണിതെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ മൂന്നാഴ്ചയില്‍ ആയിരത്തോളം പേര്‍ക്കാണ് ഡെല്‍റ്റ വൈറസ് ബാധയുണ്ടായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യവും രാജ്യത്തുണ്ടായി. കഴിഞ്ഞ ദിവസം 81 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല