1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2024

സ്വന്തം ലേഖകൻ: അതിവേഗത്തിനൊപ്പം ഹൈടെക്‌സ് സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള രാജ്യമാണ് ചൈന. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്‌ലെവ് ട്രെയിന്‍. വേഗതയില്‍ സ്വന്തം റെക്കോഡ് ഈ അതിവേഗ ട്രെയിന്‍ ഒരിക്കല്‍ കൂടി ഭേദിച്ചതായാണ് ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (സി.എ.എസ്.ഐ.സി) അവകാശപ്പെട്ടിരിക്കുന്നത്.

രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോ-വാക്വം ട്യൂബിലൂടെ നടത്തിയ പരീക്ഷണയോട്ടത്തിലാണ് മുമ്പുണ്ടായിരുന്ന മണിക്കൂറില്‍ 623 കിലോമീറ്റര്‍ (387 മൈല്‍) എന്ന വേഗ റെക്കോഡ് മറികടന്നിരിക്കുന്നതെന്നാണ് സി.എ.എസ്.ഐ.സി അവകാശപ്പെടുന്നത്. പുതുതായി കൈവരിച്ചിരിക്കുന്ന വേഗത ഈ മേഖലയിലെ മുന്നേറ്റത്തിന്റെ സൂചനയാണെന്നും അള്‍ട്ര ഫാസ്റ്റ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍, വാക്വം ട്യൂബിലൂടെ സ്ഥിരത കൈവരിക്കുന്നത് ആദ്യമായാണെന്നും സി.എ.എസ്.ഐ.സിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏറെ വൈകാതെ തന്നെ വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന ആശയം ചൈന യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഗ്‌ലെവ് സാങ്കേതിക വിദ്യയാണ് ഇത്തരം അള്‍ട്രാ ഫാസ്റ്റ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. കാന്തിക ശക്തിയാണ് ഈ വേഗത്തില്‍ പായുമ്പോഴും ട്രെയിനെ ട്രാക്ക് തെറ്റാതെ ഉറപ്പിച്ച് നിര്‍ത്തുന്നത്‌. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ലോ-വാക്വം ട്യൂബിലൂടെയാണ് ഇത്തരം ട്രെയിനുകള്‍ ഓടിക്കുന്നത്.

വേഗതയില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുക എന്നതിലുപരി പുതിയ പരീക്ഷണയോട്ടത്തില്‍ കൂടുതല്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക കൂടിയായിരുന്നുവെന്നാണ് സി.എ.എസ്.ഐ.സി അറിയിച്ചിരിക്കുന്നത്. എയറോസ്‌പേസ്, റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് സാങ്കേതികവിദ്യ എന്നിവയെ കൂട്ടിയോജിപ്പിച്ച് മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈ-സ്പീഡ് ഫ്‌ളൈയര്‍ പ്രോജക്ട് ഒരുക്കാനുള്ള നീക്കത്തിലാണ് സി.എ.എസ്.ഐ.സി. എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ പരീക്ഷണയോട്ടത്തിന്റെ അടിസ്ഥാനത്തില്‍ വെഹിക്കിള്‍ ട്യൂബും ട്രാക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ ഭാരമുള്ള മാഗ്‌ലെവ് ട്രെയിന്‍ പോലുള്ള വാഹനങ്ങള്‍ ഉറപ്പോടെ നീങ്ങുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും സി.എ.എസ്.ഐ.സി. പറഞ്ഞു. രാജ്യത്തിനായി പുതുതലമുറ കൊമേഷ്യല്‍ എയ്‌റോസ്‌പേസ് ഇലക്ട്രാമാഗ്നറ്റിക് ലോഞ്ച് സിസ്റ്റം നിര്‍മിക്കുന്നതിനുള്ള പണിപ്പുരയിലാണ് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേന്‍ എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.