1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2020

സ്വന്തം ലേഖകൻ: ചൊവ്വയില്‍ പേടകമിറക്കിയുള്ള ദൗത്യത്തിനായി ചൈനയുടെ സുപ്രധാന ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഹെയ്‌നാന്‍ ദ്വീപിലുള്ള വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പ്രാദേശിക സമയം 12.40 നായിരുന്നു വിക്ഷേപണം നടന്നത്.

ആറ് ചക്രങ്ങളുള്ള റോബോട്ടിക് റോവര്‍ ചൊവ്വയില്‍ ഇറക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. ലോങ്മാര്‍ച്ച് 5 എന്ന റോക്കറ്റിലാണ് റോവര്‍ അടങ്ങിയ ടിയാന്‍വെന്‍ -1 എന്ന പേടകം വിക്ഷേപിച്ചത്. സ്വര്‍ഗ്ഗത്തിലേക്കുള്ള ചോദ്യങ്ങള്‍ എന്നാണ് ടിയാന്‍വെന്‍ എന്ന ചൈനീസ് വാക്കിന്റെ അര്‍ഥം.

ചൊവ്വയുടെ സമീപത്ത് എത്തിയതിന് ശേഷം മൂന്നുമാസത്തോളം അന്തരീക്ഷത്തെപ്പറ്റി പഠിച്ചതിന് ശേഷമാകും റോവറിനെ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറക്കുകയെന്നാണ് വിവരങ്ങള്‍. മൂന്നു മാസത്തോളം ചൊവ്വയില്‍ തങ്ങുന്നതിനുള്ള സംവിധാനങ്ങളാകും ടിയാന്‍വെന്നില്‍ ഉണ്ടാകുക.

ചുറ്റുപാടുകളിൽ നിന്നുള്ള വിവരങ്ങൾ പകർത്തുകയും ചൊവ്വയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ മനുഷ്യരാശിയെ സഹായിക്കുകയും ചെയ്യും. മൾട്ടിസ്പെക്ട്രൽ ക്യാമറ, ടെറൈൻ ക്യാമറ, മാർസ് റോവർ സബ്സർഫേസ് എക്സ്പ്ലോറേഷൻ റഡാർ, മാർസ് സർഫേസ് കോമ്പോസിഷൻ ഡിറ്റക്ടർ, മാർസ് മാഗ്നെറ്റിക് ഫീൽഡ് ഡിറ്റക്ടർ, മാർസ് മെറ്റീരിയോളജി മോണിറ്റർ എന്നിവയുൾപ്പെടെ ആറ് ശാസ്ത്ര ഉപകരണങ്ങൾ ഇത് വഹിക്കുന്നു.

ഇത് ചൈനയുടെ രണ്ടാമത്തെ ചൊവ്വാ ദൗത്യമാണ്. ചൊവ്വയേപ്പറ്റി പഠിക്കാന്‍ യുഎഇ ഹോപ്പ് എന്ന പേരിലൊരു പേടകം വിക്ഷേപിച്ചിരുന്നു. നാസയുടെ പ്രിസര്‍വെറന്‍സ് എന്ന അടുത്ത തലമുറ റോവര്‍ ദൗത്യം അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്നാണ് വിവരങ്ങള്‍.

നിലവില്‍ അമേരിക്ക മാത്രമാണ് വിജയകരമായി ചൊവ്വയില്‍ റോവര്‍ ഇറക്കിയുള്ള ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. വൈക്കിങ്, സ്പിരിറ്റ്, ഓപ്പര്‍ച്യൂണിറ്റി എന്നിങ്ങനെയാണ് അമേരിക്കന്‍ ദൗത്യങ്ങളുടെ പേരുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.