
സ്വന്തം ലേഖകൻ: ഭാവിയിലെ യുദ്ധങ്ങളില്‍ മേല്‍കൈ നേടാനുള്ള തങ്ങളുടെ പുതിയ ആയുധത്തിന്റെ പ്രോട്ടോ ടൈപ്പ് ചൈന ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുകയാണ്. 1950 കളിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും തളികകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചൈനീസ് ഹെലിക്കോപ്റ്ററിന്റെ രൂപ ഘടന. അക്കാലത്തെ രൂപവും 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള സായുധ ഹെലിക്കോപ്റ്ററാണ് ഇതെന്നാണ് വിവരം.
സൂപ്പര്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ഈ ‘പറക്കും തളിക’യ്ക്ക് നല്‍കിയിരിക്കുന്ന പേര്. രണ്ട് പൈലറ്റുമാരായിരിക്കും ഇതിനെ നിയന്ത്രിക്കുക. അമേരിക്കയുടെ അപ്പാച്ചെ എ.എച്ച് 64, സി.എച്ച്-53 സീ സാറ്റാലിയന്‍, റഷ്യയുടെ കെ.എ-52, എംഐ-26 കോപ്റ്റര്‍ തുടങ്ങിയ അത്യാധുനിക യുദ്ധ ഹെലിക്കോപ്റ്ററുകളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യകളുള്ളതാണ് തങ്ങളുടെ പുതിയ ആയുധമെന്നാണ് ചൈന അവകാശപ്പെടുന്നത്.
അടുത്ത വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും തളികയെ പറത്തി നോക്കാനാണ് ചൈന ശ്രമിക്കുന്നത്. നിലവിലെ ഹെലിക്കോപ്റ്റര്‍ മാതൃകകളെ അപേക്ഷിച്ച് ഇതിന്റെ കോക്പിറ്റ് മധ്യത്തിലായാണ് വരുന്നത്. ഏഴുമീറ്ററിലധികം നീളവും മൂന്ന് മീറ്ററോളം വീതിയുമുള്ളതാണ് ഹെലിക്കോപ്റ്ററിന്റെ രൂപകല്‍പ്പന. വൃത്താകൃതിയിലുള്ള ഹെലിക്കോപ്റ്ററിനുള്ളിലാണ് പ്രൊപ്പല്ലറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പ് നല്‍കാന്‍ രണ്ട് ടര്‍ബോജെറ്റ് എഞ്ചിനുകളും ഇതിനൊപ്പമുണ്ടാകും. പറക്കും തളികപോലെയുള്ള രൂപകല്പന റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
ശത്രുതാവളങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷി ഇതിനുണ്ടാകുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ മിസൈലുകള്‍ ഇതില്‍ എവിടെ ഘടിപ്പിക്കുമെന്ന് വ്യക്തമല്ല. 20,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 400 മൈല്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്നാണ് ചൈന പറയുന്നത്. ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ കബളിപ്പിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയും ഇതില്‍ ഉള്‍പ്പെടുത്തും.
അമേരിക്കയുടെ വജ്രായുധമായ ബി-2 ബോംബര്‍ യുദ്ധ വിമാനത്തിനേപ്പോലെ വീതിയേറിയ രൂപത്തിലുള്ളതായതിനാല്‍ യുദ്ധമുഖത്ത് റഡാറുകളില്‍ എളുപ്പം കണ്ടുപിടിക്കാന്‍ പ്രയാസമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച ടിയാന്‍ജിനില്‍ നടന്ന ചൈന ഹെലിക്കോപ്റ്റര്‍ പ്രദര്‍ശനത്തിലാണ് ഈ പറക്കും തളികയുടെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചത്.
അതേസമയം പറക്കും തളികയേപ്പോലെയുള്ള രൂപഘടന ഹെലിക്കോപ്റ്ററിന്റെ സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയും സൈനിക ഗവേഷകര്‍ക്കിടയിലുണ്ട്. ഇതാദ്യമായല്ല പറക്കുംതളികയെ അനുകരിച്ച് ഹെലിക്കോപ്റ്റര്‍ ഉണ്ടാക്കുന്നത്. 1950ല്‍ കനേഡിയന്‍ കമ്പനിയായ അവ്‌റോ സമാനമായ ഹെലിക്കോപ്റ്റര്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി നിര്‍മിച്ചിരുന്നു.
എന്നാല്‍ പരീക്ഷണ ഘട്ടത്തില്‍ തന്നെ അസ്ഥിരമായ പ്രകടനമാണ് അത് കാഴ്ചവെച്ചത്. മാത്രമല്ല മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗത്തില്‍ കൂടുതല്‍ കൈവരിക്കാന്‍ അതിന് സാധിച്ചതുമില്ല. ആ സമയത്ത് അമേരിക്കന്‍ റോഡുകളിലെ പരമാവധി വേഗത അതിലും മേലെയായിരുന്നു. ഇതേതുടര്‍ന്ന് തുടര്‍ ഗവേഷണങ്ങള്‍ അമേരിക്ക ഉപേക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല