1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2022

സ്വന്തം ലേഖകൻ: ദക്ഷിണേഷ്യയിലെ വാണിജ്യമേഖലയിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അഫ്ഗാനിസ്ഥാനിലേയ്ക്കും വ്യാപിക്കുന്നു. പാകിസ്ഥാൻ്റെ സഹായത്തോടെ വ്യവസായ ഇടനാഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് നീട്ടാനുള്ള ശ്രമത്തിലാണ് ചൈന. അഫ്ഗാനിസ്ഥാനെ സഹായിക്കാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് കൂടി നീട്ടാനാണ് ശ്രമം നടക്കുന്നത്. പാക് അധീന കശ്മീര്‍ വഴി കടന്നു പോകുന്ന ഈ പാതയ്ക്കെതിരെ ഇന്ത്യയ്ക്ക് പണ്ടേ എതിര്‍പ്പുണ്ട്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേയ്ക്ക് ചൈനയുടെ ഹൈവേ നീട്ടാനുള്ള നീക്കത്തെ ഇന്ത്യ നിശിതമായി എതിര്‍ക്കുന്നുണ്ട്. മറ്റു രാജ്യങ്ങളെ ഇടനാഴിയുടെ ഭാഗമാക്കരുതെന്നാണ് ഇന്ത്യയുടെ നിലപാട്.

അഫ്ഗാനിസ്ഥാനിലെ താത്കാലിക സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായ മൗലവി അമിര്‍ ഖാൻ മുത്തഖിയോടാണ് ചൈനീസ് വിദേശകാര്യമന്ത്രി വാഗ്ദാനം മുന്നോട്ടു വെച്ചത്. ഷാങ്ഹായ് കോപ്പറേഷൻ ഓര്‍ഗനൈസേഷൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാര്‍ തമ്മിൽ നടത്തിയ സംഭാഷണത്തിലായിരുന്നു ഈ വാഗ്ദാനം.

അഫ്ഗാനിസ്ഥാനും ചൈനയും തമ്മിൽ തെറ്റില്ലാത്ത നയതന്ത്ര ബന്ധം ഉണ്ടെന്നതിനു പുറമെ ചൈനീസ് സഹായം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന താലിബാൻ സര്‍ക്കാരിന് വലിയ പിന്തുണയാകുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ ചൈനയുടെ നിര്‍ദേശം അഫ്ഗാനിസ്ഥാൻ സ്വാഗതം ചെയ്യാനുള്ള സാധ്യതയേറെയാണ്.

“അഫ്ഗാനിസ്ഥാൻ്റെ വികസനപദ്ധതികൾക്കു കൂടി സഹായകമായ രീതിയിൽ ബെൽറ്റ് ആൻ്റോ റോഡ് പദ്ധതിയിൽ മാറ്റങ്ങള്‍ വരുത്താനാകുമന്നാണ് ചൈന പ്രീക്ഷിക്കുന്നത്. പാകിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേയ്ക്കു കൂടി നീട്ടാനാം ചൈനയുടെ വികസനനേട്ടങ്ങൾ അഫ്ഗാനിസ്ഥാനുമായി പങ്കുവെക്കാനും സാധിക്കും.” ചൈനീസ് മന്ത്രി വ്യക്തമാക്കി.

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാൻ കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രാലയവും മറ്റു രാജ്യങ്ങളെ സ്വാഗതം ചെയ്തിരുന്നു. ഇരുകക്ഷികൾക്കും നേട്ടമുണ്ടാകുന്ന തരത്തിൽ മാറ്റങ്ങള്‍ വരുത്താവുന്ന പദ്ധതിയാണ് ഇതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ട് ചൈനയുടെ ക്ഷണം.

2013ലാണ് ബെൽറ്റ് ആൻ്റ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയ്ക്ക് തുടക്കമിട്ടത്. അറബിക്കടലിനെ അഭിമുഖീകരിക്കുന്ന പാകിസ്ഥാനിലെ ഗ്വാഡാര്‍ തുറമുഖത്തെ ചൈനയിലെ ഷിങ്ജിയാങ് ഉയിഗുര്‍ സ്വയംഭരണ മേഖലയിലെ കാഷ്ഗാറുമായി ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയാണിത്. ഊര്‍ജ, ഗതാഗത, വ്യവസായ മേഖലയിലെ സഹകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ ഹൈവേയുടെ ഒരു ഭാഗം പാക് അധീന കശ്മീരിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. ദക്ഷിണേഷ്യൻ മേഖലയിലും യൂറോപ്പിലും പിടിമുറുക്കാനുള്ള ചൈനയുടെ സ്വപ്നപദ്ധതി പ്രതിരോധരംഗത്തും നയതന്ത്രരംഗത്തും ഭീഷണിയാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. യുഎസിനു ബദലായി ചൈനയെ ആഗോള വാണിജ്യരംഗത്ത് വളര്‍ത്തി വലുതാക്കുക എന്നതാണ് ചൈനയുടെ ആത്യന്തിക ലക്ഷ്യവും.

പാകിസ്ഥാനിലേയ്ക്കുള്ള വ്യവസായ ഇടനാഴിയിൽ മറ്റു രാജ്യങ്ങളെ കണ്ണി ചേര്‍ക്കുന്നതിൽ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയാണുള്ളത്. ചൈനീസ് നടപടി നിയമവിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെനനുമായിരുന്നു വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ചിയുടെ പ്രതികരണം. ചൈനയുടെ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള ഏതൊരു പ്രവര്‍ത്തനവും ഇന്ത്യയുടെ സ്വയംഭരണത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.

അതേസമയം, സാമ്പത്തിക സഹായങ്ങൾ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെ കൂടുതൽ അടുപ്പിക്കുക എന്നതാണ് ചൈനീസ് നയം. അഫ്ഗാനിസ്ഥാനിൽ നിന്ന് ചൈനയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 98 ശതമാനം ഉത്പന്നങ്ങൾക്കും ചൈന ഇറക്കുമതി തീരുവ ചുമത്തുന്നില്ല.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കയറ്റുമതി വ‍ര്‍ധിപ്പിക്കാനാണ് നടപടിയെന്നാണ് ചൈനയുടെ വിശദീകരണം. കൂടാതെ രാജ്യത്തെ മയക്കുമരുന്ന് കച്ചവടം നിര്‍ത്തിക്കാനുളള താലിബാൻ്റെ ശ്രമങ്ങൾക്കും ചൈനയുടെ പിന്തുണയുണ്ട്. കൂടാതെ താലിബാൻ സര്‍ക്കാരിനെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധത്തിനും ചൈന എതിരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.