സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന. തെക്കന്‍ ചൈനക്കടലിലെ യു.എസിന്റെ സൈനിക നിരീക്ഷണവും ദക്ഷിണ കൊറിയയില്‍ അത്യാധുനിക മിസൈല്‍വേധ സംവിധാനം ‘താഡ്’ സ്ഥാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സൈനിക വിശ്വാസത്തെയും സാരമായി ബാധിക്കുമെന്ന് ചൈന സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന് വൈസ് ചെയര്മാന് ഫന് ചാങ്ലോങ് പറഞ്ഞു.
യു.എസ്. ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജോസഫ് ഡെന്ഫോര്ഡുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈന എതിര്‍പ്പറിയിച്ചത്. കൂടിക്കാഴ്ചയില്‍ പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടിക്കടി തെറ്റായ തീരുമാനങ്ങളാണ് യു.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സ്വയംഭരണം ആവശ്യപ്പെടുന്ന തായ്വാന് ആയുധങ്ങളടക്കം യുഎസ് നല്കുന്നു.
ചൈന അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കി. തെക്കന്‍ ചൈനക്കടലില്‍ യു.എസ്.പടക്കപ്പലുകളും വിമാനങ്ങളും റോന്തുചുറ്റുന്നു. ഇതെല്ലാം എതിര് ദിശയിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയെന്ന് ഫന് ചാങ്ലോങ് ചൂണ്ടിക്കാട്ടി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി നേരിടാനാണ് യു.എസ്. ദക്ഷിണ കൊറിയയില്‍ താഡ് സംവിധാനം ഒരുക്കിയത്.
ഇതിന്റെ ശക്തമായ റഡാര്‍ തങ്ങളുടെ ദേശീയ സുരക്ഷയെ ബാധിക്കുമെന്നാണ് ചൈനയുടെ പരാതി. ഉത്തര കൊറിയയുടെ ഭീഷണി മറികടക്കാനോ സമ്മര്‍ദം കുറയ്ക്കാനോ ഈ സംവിധാനത്തിന് ആയിട്ടില്ലെന്നും ചൈന പറയുന്നു. തായ്!വാനിലും ദക്ഷിണ കൊറിയയിലും ദക്ഷിണ ചൈനാ കടലിലും യുഎസ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ചൈന പല തവണ പ്രതിഷേധം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല