
സ്വന്തം ലേഖകൻ: ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ആശുപത്രികൾ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്കൂളുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രോഗവ്യാപനത്തിനു പിന്നിൽ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനയിപ്പോൾ.
രോഗം സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ ചൈനയോട് ലോകാര്യോഗ്യസംഘടന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന വിശദീകരണവുമായെത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയൽ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതൽ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു. ചില ഘട്ടങ്ങളിൽ ഈ ബാക്ടീരിയ ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യാം. ഇൻഫ്ലുവൻസ രോഗങ്ങളും ആർ.എസ്.വി.(ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന respiratory syncytial virus)യും ഒക്ടോബർ മുതൽ പടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിലെ സർക്കാർ മാധ്യമമായ സിൻഹുവാ വാർത്താ ഏജൻസിയും ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. രോഗനിർണയത്തിന്റെ കാര്യത്തിലും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷനിലെ അധികൃതരും വ്യക്തമാക്കി. ഇതിനുപിന്നാലെ ചൈനയിൽ അസാധാരണമായയോ പുതിയതോ ആയ അണുബാധയുടെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കിയതായി ലോകാരോഗ്യസംഘടനയും പ്രസ്താവന പുറത്തിറക്കി.
ലോകാരോഗ്യസംഘടന നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നുണ്ടെന്നും ചൈനയിലെ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. രോഗം കൂടുതൽ പടരുന്നത് തടയാൻ അവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള, അറിയപ്പെടുന്ന ഒന്നിലധികം രോഗകാരികളാണ് നിലവിലെ രോഗവ്യാപനത്തിന് പിന്നിലെന്നും ചൈനയിലോ ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഒക്ടോബർ മുതൽ വടക്കൻ ചൈനയിലെ പലഭാഗങ്ങളിലും ഇൻഫ്ലുവൻസ റിപ്പോർട്ടുകൾ കൂടുതലാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയ്ക്കും വീക്കത്തിനും പൊതുവേ പറയുന്ന പേരാണ് ന്യുമോണിയ. ബാക്ടീരിയയും ഫംഗി അണുബാധയുമൊക്കെ ന്യുമോണിയയ്ക്ക് കാരണമാകാം. രാജ്യത്തുടനീളം ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുത്തനെ ഉയരുന്നുണ്ടെന്നതു സംബന്ധിച്ച് ഈ മാസമാദ്യം ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ പ്രസ് കോൺഫറൻസ് വിളിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പുതിയ ശ്വാസകോശ രോഗവ്യാപനവും തമ്മിലുള്ള ബന്ധത്തേയും ചൈനയിലെ ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബീജിങ്ങിലേയും ലിയോണിങ്ങിലേയും ആശുപത്രികളിൽ ശ്വാസകോശരോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലും സ്കൂളുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രശസ്ത മാധ്യമവും രോഗങ്ങൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുന്നതുമായ പ്രൊമെഡ് എന്ന മാധ്യമത്തിലൂടെ ചൊവ്വാഴ്ച്ച ചൈനയിലെ പുതിയ സാഹചര്യത്തേക്കുറിച്ച് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. 2019-ൽ കോവിഡിന്റെ വരവിനേക്കുറിച്ചും പ്രൊമെഡ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല