
സ്വന്തം ലേഖകൻ: ചൈനീസ് സഹായത്തോടെ സൗദി അറേബ്യ രഹസ്യമായി ബാലിസ്റ്റിക് മിസൈൽ നിർമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. സൗദിയിലെ അൽ ദവാദ്മി പ്രദേശത്ത് ചൈനീസ് പിന്തുണയിൽ നിർമിച്ച ഒരു സൈറ്റിൽ മിസൈൽ നിർമാണം സ്ഥിരീകരിച്ചെന്നാണ് യുഎസ് മാധ്യമമായ സി.എൻ.എന്നിൽ വന്ന റിപ്പോർട്ട് പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന ഇന്ധനം നശിപ്പിക്കാൻ പ്രത്യേകം തയ്യാറാക്കിയ കുഴിയുടെ ഉപഗ്രഹചിത്രവും സി.എൻ.എൻ പുറത്തുവിട്ടു.
മിഡിൽ ഈസ്റ്റിലെ സുപ്രധാന സഖ്യകക്ഷിയായ സൗദിയുടെ ചൈനീസ് ബന്ധവും ബാലിസ്റ്റിക് മിസൈൽ നിർമാണവും യുഎസ് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ യുഎസും യൂറോപ്പും ഇസ്രായേലും സൗദിയും സംയുക്തമായി സ്വീകരിക്കുന്ന നടപടികളെ ഇത് പ്രതികൂലമായി ബാധിക്കും.
ചൈനയിൽ നിന്ന് സൗദി ബാലിസ്റ്റിക് മിസൈലുകൾ വാങ്ങിയെന്ന് 2019ൽ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തമായി ബാലിസ്റ്റിക് മിസൈൽ നിർമിക്കാൻ സൗദിക്ക് താൽപര്യമില്ലെന്നായിരുന്നു യുഎസ് വിലയിരുത്തിയിരുന്നത്. നയതന്ത്ര ചർച്ചകളിൽ സൗദിയും പദ്ധതികൾ വെളിപ്പെടുത്തിയില്ല. സൗദിയുടെ നടപടി മിഡിൽ ഈസ്റ്റിലെ അധികാര ബലാബലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് യുഎസ് ഭരണകൂടത്തിന്റെ ആശങ്ക.
ഇറാന്റെ ആണവായുധ പദ്ധതികളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും മുനയൊടിക്കാൻ ഇനി സാധിക്കില്ലെന്നാണ് യുഎസിന്റെ ആശങ്ക. ശത്രുക്കളായ സൗദിയും ഇസ്രായേലും സ്വന്തമായി ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുമ്പോൾ പദ്ധതികളിൽ നിന്ന് മാറിനിൽക്കില്ലെന്ന നിലപാടായിരിക്കും ഇറാൻ സ്വീകരിക്കുകയെന്നതാണ് കാരണം. ഇത് ഗൾഫിലെ മറ്റു രാജ്യങ്ങൾക്കും ഇസ്രായേലിനും യൂറോപ്പിനും തലവേദനയാവുമെന്നും യുഎസ് കണക്കുകൂട്ടുന്നു.
”ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നിശബ്ദമായിരുന്ന സൗദി സ്വന്തമായി ബാലിസ്റ്റിക് മിസൈൽ നിർമിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോവുന്നത്.”–മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രഫസറായ ജെഫ്രി ലൂയിസ് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ആയുധ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളിൽ ഇസ്രായേലിനെയും സൗദിയെയും കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനം, ഉയ്ഗൂർ മുസ്ലീംകൾക്കെതിരായ പീഡനം തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ചൈനയെ ഉപരോധിക്കാൻ ശ്രമിക്കുന്ന യുഎസ് ഭരണകൂടം ഇപ്പോൾ കൂടുതൽ വലിയ പ്രതിസന്ധിയിലായെന്ന് മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥൻ സി.എൻ.എന്നിനോട് പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും തയ്യാറായിട്ടില്ല.
അതേസമയം, സൗദിയുമായി അടുത്തബന്ധമാണ് ചൈനക്കുള്ളതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ”ചൈനയും സൗദിയും തന്ത്രപ്രധാന മേഖലകളിലെ പങ്കാളികളാണ്. സൈനിക മേഖല അടക്കം എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദമുണ്ട്.”–ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ സംബന്ധിച്ച ചോദ്യത്തിന് ചൈനീസ് വിദേശകാര്യമന്ത്രാലയം മറുപടി നൽകി. മിഡിൽ ഈസ്റ്റിൽ കൂട്ടനശീകരണ ആയുധങ്ങൾ വ്യാപിക്കാൻ ഈ പങ്കാളിത്തം കാരണമാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളൊന്നും ലംഘിക്കപ്പെട്ടില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ സൗദി അറേബ്യ തയ്യാറായിട്ടില്ല.
സൗദിയും ചൈനയും തമ്മിൽ ബാലിസ്റ്റിക് ബന്ധമുള്ളതായി 2019ൽ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇക്കാര്യം യുഎസ് കോൺഗ്രസിനെ പോലും അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു. പിന്നീട് മറ്റുവഴികളിലൂടെ വിവരം പുറത്തുവന്നതോടെ ഡെമോക്രാറ്റുകൾ ട്രംപിനെ രൂക്ഷമായി വിമർശിച്ചു. സൗദിയോട് ട്രംപ് മൃദുസമീപനം സ്വീകരിക്കുകയാണെന്നാണ് ഡെമോക്രാറ്റുകൾ ആരോപിച്ചത്.
പുതിയ വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് സാങ്കേതിക വിദ്യ കൈമാറിയതും സ്വീകരിച്ചതുമായ ഏജൻസികൾക്കെതിരെ ഉപരോധത്തിന് യുഎസ് തയ്യാറെടുക്കുകയാണ്. ഇറാന്റെ ആണവ-മിസൈൽ പദ്ധതി പ്രശ്‌നത്തെ സൗദി കൂടുതൽ സങ്കീർണമാക്കിയെന്നാണ് യുഎസ് ആരോപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല