1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്.

ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. നൈ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്ബോ (45) എന്നിവരാണു യാത്രികർ. ഇവർ നിലയത്തിൽ 3 മാസം താമസിക്കും. ടിയാങ്ഗോങ് നിലയത്തിന്റെ തുടർനിർമാണമാണ് ഇവരുടെ പ്രധാനദൗത്യം. 2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഇതിനു ശേഷം ഇതുവരെ 11 ചൈനക്കാർ കൂടി ഇവിടെയെത്തി.

‘ഹെവൻലി പാലസ്’ എന്നു വിളിപ്പേരുള്ള ടിയാങ്ഗോങ് ദൗത്യം ഘട്ടംഘട്ടമായാണു പൂർത്തീകരിക്കുക. ഇതിന്റെ ആദ്യ മൊഡ്യൂളായ ടിയൻഹെ കഴിഞ്ഞ ഏപ്രിൽ 29 നാണു ബഹിരാകാശത്തെത്തിയത്. ഇനി 11 വിക്ഷേപണങ്ങളിലൂടെ വിവിധ മൊഡ്യൂളുകൾ ഇവിടെയെത്തിച്ച് ടിയൻഹെയുമായി കൂട്ടിച്ചേർക്കും.

അടുത്ത വർഷം പൂർത്തിയാക്കുന്നതോടെ സ്വന്തമായി സ്പേസ് സ്റ്റേഷനുള്ള ഏക രാജ്യമാകും ചൈന. 340-450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് 66,000 കിലോ ഭാരമുള്ള ബഹിരാകാശ സ്റ്റേഷൻ സ്ഥിതി ചെയ്യുക. 10 വർഷം പ്രവർത്തിക്കും.

ടിയൻഹെ സ്പേസ് സ്റ്റേഷന്റെ ഭാഗമായുള്ള റോബട്ടിക് കൈ, യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ നിന്നു പിന്നീടു കൊണ്ടുപോകുന്ന മൊഡ്യൂളുകളെ കേന്ദ്രഭാഗത്തേക്ക് വലിച്ചടുപ്പിക്കാനാണ് നിലവിൽ ഇത് ഉപയോഗിക്കുക. 20,000 കിലോ വരെയുള്ള ഭാഗങ്ങൾ പിടിച്ചുവലിക്കാൻ ഇതിനു ശേഷിയുണ്ട്.

എന്നാൽ, ഭാവിയിൽ ഇത് മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും പേടകങ്ങളെയും വലിച്ചടുപ്പിച്ച് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാകാമെന്നു ചില നിരീക്ഷകർ സംശയിക്കുന്നു. ബഹിരാകാശ യുദ്ധത്തിനുള്ള ചൈനീസ് ശ്രമമാകാം ഇതെന്നും ലോക രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.