സ്വന്തം ലേഖകന്‍: അമേരിക്ക കൈവിട്ട പാക്കിസ്ഥാന്റെ കൈപിടിച്ച് ചൈന; ഭീകരതയുടെ ഇരയാണു പാക്കിസ്ഥാനെന്ന് പ്രഖ്യാപനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ നിര്‍ണായക സംഭാവനകള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ചു ചൈന രംഗത്തെത്തുമെന്ന് ഉറപ്പായിരിക്കെയാണു പ്രസ്താവന വരുന്നത്. ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനുള്ള എല്ലാ സഹായവും നിര്‍ത്തലാക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഭീകരതയുടെ ഇരയാണു പാക്കിസ്ഥാന്‍. ഭീകരതയ്‌ക്കെതിരെ നിരവധിപ്പോരാട്ടങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുണ്ട്. രാജ്യാന്തര സമൂഹം അത് അംഗീകരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു. ഭീകരവിരുദ്ധ വേട്ടയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ സഹകരിക്കുന്നുണ്ട്. പ്രാദേശിക സമാധാനവും സ്ഥിരതയും അടിസ്ഥാനമാക്കിയാണു പാക്കിസ്ഥാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ചൈനയും പാക്കിസ്ഥാനും എല്ലാ കാലങ്ങളിലുമുള്ള സഖ്യമാണ്. ഇരുഭാഗത്തും കാര്യമായ നേട്ടങ്ങള്‍ കൊണ്ടുവരുന്നതിനു സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തയാറാണ്, ഗെങ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാക്കിസ്ഥാനില്‍നിന്നു യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല