1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2020

സ്വന്തം ലേഖകൻ: “തെറ്റായ വഴിയിലൂടെയാണ് ബ്രിട്ടന്റെ നടത്തം. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹോങ്കോങ് വിഷയത്തിൽ ഇടപെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇനിയും കൈകെട്ടി നോക്കിയിരിക്കാനാകില്ല– ബ്രിട്ടൻ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്,” എന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു സിയോമിങ് പറയുമ്പോൾ ഉന്നം ബ്രിട്ടൻ തന്നെ. ബെയ്ജിങ് ബ്രിട്ടനു നൽകുന്ന മുന്നറിയിപ്പുകളിൽ അവസാനത്തേതാണിത്.
.
ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ ഹോങ്കോങ്ങുമായുള്ള കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കിയാണ് ബ്രിട്ടൻ മറുപടി നൽകിയത്. 30 വർഷത്തോളം നിലനിന്നിരുന്ന കരാർ ചൈന ദേശസുരക്ഷാ നിയമം പാസാക്കിയതോടെയാണ് ബ്രിട്ടൻ റദ്ദാക്കിയത്. യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഹോങ്കോങ്ങുമായുള്ള കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കിയതിനു പിന്നാലെയുള്ള ബ്രിട്ടന്റെ നടപടി ചൈനയ്ക്കു രാജ്യാന്തര തലത്തിൽ തിരിച്ചടിയായി.

കരാർ വഴി ഹോങ്കോങിലേക്കു നാടുകടത്തപ്പെടുന്നവരെ ചൈനയിലേയ്ക്ക് അയക്കുമെന്ന ഭയം ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാജ്യാന്തര തലത്തിൽ ഉന്നയിച്ചിരുന്നു. കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കിയാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ചൈനീസ് താക്കീത് ബ്രിട്ടൻ തള്ളിയിരുന്നു.

ചൈന വിവാദമായ ഹോങ്കോങ് സുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടിഷ് പാസ്‌പോര്‍ട്ടുള്ളവരും പാസ്‌പോര്‍ട്ടിനു യോഗ്യരുമായ 30 ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപിന്റെ പ്രസ്താവന ചൈനയെ വിളറിപ്പിടിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ കുറ്റവാളി കൈമാറ്റ കരാർ റദ്ദാക്കിയതോടെയാണ് ചൈന ബ്രിട്ടനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.