1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2021

സ്വന്തം ലേഖകൻ: ലോകം കോവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയുമാണ് ചെയ്തതെന്ന നിർണായക കണ്ടെത്തലാണ് പഠന റിപ്പോർട്ടിലുള്ളത്.

കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ പഠനത്തിന്‍െറ പ്രസക്തി. ബ്രിട്ടീഷ് പ്രഫ. ആംഗസ് ഡാല്‍ഗ്ളീഷും നോര്‍വീജിയന്‍ ശാസ്ത്രജ്ഞനുമായ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് വുഹാന്‍ ലാബില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞരാണ് കോവിഡ് വൈറസ് സൃഷ്ടിച്ചതെന്ന് കണ്ടത്തെിയതെന്ന് ഡെയ്ലി മെയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനീസ് ഗുഹ വവ്വാലുകളില്‍ നിന്ന് കണ്ടത്തെിയ പ്രകൃതിദത്ത കൊറോണ വൈറസ് ശാസ്ത്രജ്ഞര്‍ ശേഖരിച്ച് മാരകവും പകരുന്നതുമായ കോവിഡ് വൈറസുമായി സംയോജിപ്പിക്കുകയായിരുന്നുവെന്നാണിവര്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് തന്നെ, ഡാല്‍ഗ്ളീഷും സോറന്‍സെനും ഇക്കാര്യം എഴുതിയിരുന്നു. എന്നാല്‍, അക്കാദമിക് വിദഗ്ധരും പ്രധാന ജേണലുകളും അവഗണിച്ചുവെന്ന് ഡെയ്ലി മെയില്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഭാവിയില്‍ മഹാമാരികള്‍ ലോകത്തിനു ഭീഷണിയാകുന്നതു തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്നും ഇതിനായി ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സര്‍ക്കാര്‍ സഹകരിക്കണമെന്നും യുഎസ് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു. വൈറസിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നതിനെക്കുറിച്ചുള്ള പൂര്‍ണമായ വിവരം ലഭിക്കാതിരിക്കുന്നത്. ലോകത്ത് വീണ്ടും മഹാമാരി ഭീഷണികള്‍ക്ക് ഇടയാക്കുമെന്ന് ടെക്‌സസ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്‌സീന്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ പീറ്റര്‍ ഹോറ്റെസ് പറഞ്ഞു.

കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ കോവിഡ്-26ഉം കോവിഡ്-32ഉം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതേസമയം, സാര്‍സ്-കോവ്-2 വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍നിന്നു പുറത്തുവന്നതാണെന്നതിനു തെളിവുകള്‍ വര്‍ധിച്ചുവെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ സ്‌കോട്ട് ഗോട്ട്‌ലൈബ് പറഞ്ഞു.

ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. അതിനിടെ വുഹാനിലെ വൈറോളജി ലാബില്‍നിന്നാണു വൈറസ് പുറത്തുവന്നതെന്ന ആരോപണം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചു പുതിയ അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുകയും ചെയ്തു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2019 നവംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ വുഹാന്‍ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് മേയ്-23ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുകയാണ് ചൈന. വൈറസിനെക്കുറിച്ചു വീണ്ടും അന്വേഷിക്കാനുള്ള ബൈഡന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൈന പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.