1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2017

സ്വന്തം ലേഖകന്‍: ഏതു ശത്രുവിനേയും ഇല്ലാതാക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ട്, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റിന്റെ പ്രസംഗം. രാജ്യത്തെ ആക്രമിക്കാനെത്തുന്ന ഏത് ശത്രുക്കളെയും ഇല്ലാതാക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ സൈനീകരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികര്‍ പരേഡില്‍ പങ്കെടുത്തത്. സൈനിക വേഷത്തിലാണു പ്രസിഡന്റ് ഷി ചിന്‍പിങ്ങും പരേഡിനെത്തിയത് എന്നതും ശ്രദ്ധേയമായി.

ചൈനയ്‌ക്കെതിരെ വരുന്ന എല്ലാ രാജ്യങ്ങളെയും പ്രതിരോധിക്കാനും നശിപ്പിക്കാനുമുള്ള കഴിവും കരുത്തും നമ്മുടെ സൈന്യത്തിനുണ്ടെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് ചൈനയുടെ നിലപാട്.

12,000 സൈനികര്‍, ആകാശത്തു വട്ടമിട്ട് 129 പോര്‍വിമാനങ്ങള്‍, സൈനികര്‍ക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങള്‍, 59 പ്രതിരോധ സംവിധാനങ്ങള്‍, ആണവമിസൈലുകള്‍ എന്നിങ്ങനെ വന്‍ സന്നാഹങ്ങളാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ അണിനിരന്നത്. 2015നുശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ ശക്തിപ്രകടനമാണിത്. മംഗോളിയയിലെ മരുഭൂമിക്കു നടുവിലുള്ള സൂറിഹെയിലായിരുന്നു പരേഡ്.

ഇന്ത്യഭൂട്ടാന്‍ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന്‍ പോയിന്റില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം തടഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ചാണ് തടഞ്ഞതെന്നാണ് ഇന്ത്യയുടെ വാദം. ഒരു മാസത്തിലധികമായി ദോക് ലാമില്‍ ഇന്ത്യചൈന പട്ടാളം മുഖാമുഖം നില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.