സ്വന്തം ലേഖകന്‍: ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശിലെ സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്തതിനെ അപലപിച്ച ഇന്ത്യയുടെ നടപടി തള്ളിക്കളയുന്നതിനിടെയാണ് ചൈനയുടെ പരാമര്‍ശം. ദലൈലാമയെ തുരുപ്പുശീട്ടാക്കി ഇന്ത്യ തരംതാഴ്ന്ന നീക്കമാണ് നടത്തുന്നതെന്ന് ആക്ഷേപിച്ച ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്, അതിന്റെ പേരില്‍ ഇന്ത്യ വലിയ വിലനല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.
ദലൈലാമയെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ നീക്കം അതിര്‍ത്തിതര്‍ക്കം രൂക്ഷമാക്കുന്നുവെന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അരുണാചലിനെ ദക്ഷിണ തിബത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ദക്ഷിണ തിബത്ത് ചരിത്രപരമായി ചൈനയുടെ ഭാഗമാണ്. സ്ഥലനാമങ്ങള്‍ക്ക് പ്രാദേശിക സംസ്‌കാരത്തിെന്റ സ്വാധീനവുമുണ്ട്. ആ സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ ചൈനക്ക് അവകാശമുണ്ടെന്നും പത്രം പറയുന്നു.
ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കുന്നതിന് ചൈന ശ്രമം നടത്തിവരുകയാണ്. എന്നാല്‍, കഴിഞ്ഞ പതിറ്റാണ്ടുകളില്‍ തര്‍ക്കപ്രദേശത്തെ കുടിയേറ്റം വര്‍ധിപ്പിക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയുമാണ് ഇന്ത്യ ചെയ്തതെന്നും പത്രം കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് അരുണാചലിലെ ആറു സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്തതായി ചൈന പ്രഖ്യാപിച്ചത്.
ഈ മാസം ആദ്യത്തില്‍ ദലൈലാമ നടത്തിയ അരുണാചല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും നടത്തിയ വാക്‌പോരിന് പിന്നാലെയായിരുന്നു ചൈനയുടെ നടപടി. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അവിടെ ജനകീയ സര്‍ക്കാരുണ്ടെന്ന കാര്യം മറക്കരുതെന്നും ചൈനക്ക് ഇന്ത്യ താക്കീത് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല