1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2015

സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിന്‍ സ്‌ഫോടനം, കനത്ത നാശനഷ്ടം, സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന് നിഗമനം. ബുധനാഴ്ചരാത്രി രാസവസ്തുക്കള്‍ സൂക്ഷിച്ച കണ്ടെയ്‌നറുകളുടെ സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 50 ല്‍ ഏറെപ്പേരാണു മരിച്ചത്. 500 ലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്ന് 32 മണിക്കൂറിനു ശേഷം പ്രദേശത്തുനിന്ന് ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പത്തൊന്‍പതുകാരനായ അഗ്‌നിശമന സേനാംഗത്തെയാണു രക്ഷിച്ചത്. ടിയാന്‍ജിനില്‍ സ്ഥാപിച്ചിട്ടുള്ള ചൈനയുടെ സൂപ്പര്‍ കംപ്യൂട്ടറുകളിലൊന്ന് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടു.

ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറുകളിലൊന്നായ ഇത് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയിരുന്നു. എന്നാല്‍, കംപ്യൂട്ടറിനു തകരാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ചൈനയിലെ മുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്കുള്ള ഡേറ്റാ സേവനങ്ങള്‍ നല്‍കുന്നത് ഈ സൂപ്പര്‍ കംപ്യൂട്ടറില്‍നിന്നാണ്.

ആയിരത്തിലേറെ അഗ്‌നിശമന സേനാംഗങ്ങളും 140 ഫയര്‍ എന്‍ജിനുകളുമാണ് തീവ്രരക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനായെങ്കിലും കനത്തപുക ഇപ്പോഴും ഉയരുകയാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരില്‍ 17 പേര്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ആണെന്നു സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനവും തീപിടിത്തവും മൂലമുള്ള കനത്തപുക ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് മുന്നറിയിപ്പുനല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.