1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ് ആനകള്‍ ആദ്യം വൈറലായത്. ആനകള്‍ സംഘമായി ഉറങ്ങുന്ന അപൂര്‍വ ചിത്രം തിങ്കളാഴ്ച്ചയിലെ ഒറ്റ രാത്രിയില്‍ 200 മില്യണ്‍ ആളുകളാണ് കണ്ടത്. ട്വിറ്ററിലും യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ഈ 15 ആനകളുടെ ഓരോ നിമിഷത്തെ വാര്‍ത്തയും ചിത്രങ്ങളും പുറംലോകത്തെത്തുന്നുണ്ട്. 2020 മാര്‍ച്ചില്‍ തുടങ്ങിയ ആനകളുടെ ദീര്‍ഘമായ യാത്ര നിലവില്‍ 500 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ്.

ചൈന-മ്യാന്മര്‍ അതിര്‍ത്തിയിലെ ഷിഷോവാന്‍ ബനയിലെ മെങ്ഗ്വയാങ്സി സംരക്ഷിത വനമേഖലയില്‍ നിന്നുമാണ് ആനക്കൂട്ടം യാത്ര തുടങ്ങിയത്. 2020 മാര്‍ച്ച് 15 മുതലാണ് ആനകള്‍ യാത്ര ആരംഭിച്ചതെന്നാണ് അനുമാനിക്കുന്നത്. ഷിഷോവാന്‍ ബനക്ക് വടക്ക് നൂറ് കിലോമീറ്റര്‍ പിന്നിട്ട ആനകളെ ആദ്യം തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ പിന്നീട് യാത്രാകാര്യം അധികാരികളെ അറിയിക്കുകയായിരുന്നു. ഏപ്രിലിലാണ് ആനകളുടെ ലോങ് മാര്‍ച്ച് ആരംഭിച്ചത്.

യാത്രയുടെ തുടക്കത്തില്‍ 17 ആനകളുണ്ടായിരുന്നെന്നും മോജിയാങ് കൗണ്ടിയില്‍ വെച്ച് രണ്ട് ആനകള്‍ തിരികെ പോയതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം യാത്രക്കിടെ ഒരു ആനക്കുട്ടി പിറന്നതായും വാര്‍ത്തകളുണ്ട്. മുതിർന്ന 6 പെണ്ണും 3 ആണും 6 കുട്ടികളുമടങ്ങിയതാണ് ആനക്കൂട്ടം.

ഇത്രയും നീണ്ടദുരത്തിലുള്ള ആനകളുടെ യാത്രക്ക് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണ്. ധാന്യശേഖരം, ഉഷ്ണമേഖലാ ഫലങ്ങള്‍, മറ്റു രുചികരമായ വിളകൾ എന്നിവ തേടിയാണ് യാത്രയെന്നും നഷ്ടപ്പെട്ട നേതാവിനെ തേടിയുള്ള യാത്രയാണ് ആനകളുടേതെന്നും അനുമാനമുണ്ട്. ആനകളുടെ യാത്രക്ക് പിന്നിലെ ദുരൂഹതയാണ് സംഭവം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചത്.

ആനകളുടെ നീണ്ട യാത്രക്ക് വലിയ സുരക്ഷയാണ് ചൈനീസ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി 410 അംഗ സുരക്ഷ ഗ്രൂപ്പിനെയും നിരീക്ഷണത്തിനായി 76 കാറുകളും 14 ഡ്രോണുകളും ഒരുക്കിയിട്ടുണ്ട്. ഒരു നേരം എട്ട് പേരെ ഉറപ്പാക്കി മുഴുവന്‍ ദിവസ നിരീക്ഷണമാണ് നിലവില്‍ തുടരുന്നത്. ആനകളെ വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ച് ഓടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.