1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2018

സ്വന്തം ലേഖകന്‍: ചൈനയുടെ വീട്ടുതടങ്കലില്‍ ഏതു നിമിഷവും മരിക്കാന്‍ തയാറായാണ് ജീവിക്കുന്നതെന്ന് അന്തരിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഭാര്യ. നോബേല്‍ ജേതാവും ചൈനയുടെ കണ്ണിലെ കരടായ മനുഷ്യാവകാശ പോരാളിയുമായിരുന്ന ലിയു സിയാബോയുടെ ഭാര്യ ലിയു സിയയാണ് സുഹൃത്തുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്.

സിയാബോ മരണം വരിച്ചു. ഇനി ഈ ലോകത്ത് എന്നെ കാത്തിരിക്കാന്‍ ആരുമില്ല. ഇങ്ങനെ ഒറ്റപ്പെട്ട് കഴിയുന്നതിനേക്കാള്‍ ഭേദം മരണമാണെന്നും അവര്‍ പറഞ്ഞതായി സുഹൃത്ത് ലിയാവോ യിവു ചൂണ്ടിക്കാട്ടി. പലപ്പോഴും സംഭാഷണത്തിനിടെ അവര്‍ പൊട്ടിക്കരയുകയായിരുന്നു. റെക്കോഡ് ചെയ്ത സംഭാഷണമാണ് എഴുത്തുകാരനായ യിവു പുറത്തുവിട്ടത്.

ഒരു കുറ്റവും ചുമത്താതെയാണ് 2010 മുതല്‍ 57കാരിയായ സിയയെ വീട്ടുതടങ്കലിലടച്ചത്. അതേ വര്‍ഷമായിരുന്നു സിയാബോക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചതും. പുരസ്‌കാരം ഏറ്റുവാങ്ങാന്‍പോലും അധികൃതര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. 11 വര്‍ഷത്തെ തടവിനുശേഷം 2017ലാണ് അദ്ദേഹം മരിച്ചത്. സിയാബോയുടെ മരണശേഷം സിയയുടെ കാര്യത്തിലും ആശങ്ക പരന്നിരുന്നു. ഏകാന്ത തടവിനാല്‍ കടുത്ത വിഷാദരോഗം ബാധിച്ചിരിക്കുന്നതായി അവര്‍ സുഹൃത്തുക്കളെ അറിയിക്കുകയുണ്ടായി. സിയയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ട്.

സിയയുടെ മോചനത്തിനായി ഏറെ നാളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അധികൃതരില്‍ സമ്മര്‍ദം ചെലുത്തി വരുകയാണ്. എന്നാല്‍, സിയ സ്വതന്ത്രയാണെന്നും ഭര്‍ത്താവിന്റെ മരണശേഷം പുറത്തിറങ്ങാന്‍ മടിക്കുകയാണെന്നുമാണ് അധികൃതരുടെ പക്ഷം. അതിനിടെ അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനീയിങ് പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.