1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: ലോങ്മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് ശാസ്ത്ര സമൂഹം. ലോകത്തോട് ഉത്തരവാദിത്തം പുലർത്തുന്ന രീതിയിലുള്ള നിലവാരം പാലിക്കാൻ ചൈന പരാജയപ്പെട്ടെന്ന് നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശ സഞ്ചാരിയുമായ ബിൽ നെൽസൺ ആരോപിച്ചു.

1979ലെ സ്കൈലാബ് സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജൻസികളും റീ എൻട്രി ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകളും രൂപകൽപനകളും ഉറപ്പുവരുത്താറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചൈന പരാജയപ്പെടുന്നുണ്ടെന്നു പ്രശസ്ത ഹാർവഡ് ശാസ്ത്രജ്ഞനായ ജൊനാഥൻ മക്ഡവൽ അഭിപ്രായപ്പെട്ടു. ലോങ് മാർച്ച് 5 ബി റോക്കറ്റിനെ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള സൗകര്യം ചൈന ഏർപ്പെടുത്തിയില്ലെന്നത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

ചൈനയുടെ ബഹിരാകാശ നിലയ പദ്ധതിക്കായി പത്തോളം വിക്ഷേപണങ്ങൾ കൂടി നടത്താനിരിക്കെ രൂപകൽപന പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. റോക്കറ്റിന്റെ യാത്ര സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന യുഎസ് സൈന്യത്തിന്റെ സ്പേസ് ട്രാക്ക് വെബ്സൈറ്റ്, ഇന്ത്യൻ മഹാസമുദ്രത്തിൽ വീഴുമെന്ന് കണ്ടെത്തുന്നതിനു മുൻപ് തുർക്ക്മെനിസ്ഥാനിലും മെഡിറ്ററേനിയൻ മേഖലയിലും പതനം പ്രവചിച്ചിരുന്നു.

കഴിഞ്ഞ 3 വർഷത്തിനിടെ 3 തവണയാണ് ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിനു ഭീഷണിയുയർത്തിയത്. 2018 ഏപ്രിൽ 2 ൽ ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു കടലിൽ വീണു. കഴിഞ്ഞ മേയിൽ മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണതും ആശങ്ക പരത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.