1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2020

സ്വന്തം ലേഖകൻ: ചന്ദ്രോപരിതലത്തില്‍ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളും പെടിപടലങ്ങളുമായി ചൈനയുടെ ബഹിരാകാശയാനം ഭൂമിയിലെത്തി. നാല്‍പത്തിനാല് കൊല്ലങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനില്‍നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്.

മംഗോളിയ മേഖലയിലെ സിസ്സിവാങ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ബഹിരാകാശയാനം ലാന്‍ഡ് ചെയ്തു. ഓര്‍ബിറ്റര്‍ മോഡ്യൂളില്‍ നിനിന്ന് വേര്‍പെട്ട ശേഷം ഭൗമാന്തരീക്ഷത്തില്‍ അതീവ വേഗത്തില്‍ പ്രവേശിച്ച വാഹനം വേഗം കുറച്ച ശേഷമാണ് പാരച്യൂട്ടുകളുടെ സഹായത്തോടെ ലാന്‍ഡ് ചെയ്തത്.

ചങ്അ 5 ദൗത്യത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് നാല് വാഹനഭാഗങ്ങള്‍ ചന്ദ്രനിലിറങ്ങി രണ്ട് കിലോഗ്രാമോളം സാംപിളുകള്‍ ശേഖരിച്ചിരുന്നു. ചന്ദ്രന്റെ മേല്‍പാളിയുടെ രണ്ട് മീറ്റര്‍( ആറടിയോളം) ആഴത്തില്‍ തുരന്ന് ശേഖരിച്ച പദാര്‍ഥങ്ങളും സാംപിളുകളില്‍ പെടുന്നു. ഇവ ഒരു കണ്ടെയ്‌നറിനുള്ളിലാക്കി സീല്‍ ചെയ്ത ശേഷമാണ് ഭൂമിയിലെത്തിച്ചത്. കനത്ത മഞ്ഞ് മൂടിയ മംഗോളിയന്‍ പ്രദേശത്ത് ബഹിരാകാശയാനം എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ഹെലികോപ്ടറുകളും മറ്റ് വാഹനങ്ങളുമായി റിക്കവറി സംഘം ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ തയ്യാറെടുത്ത് കാത്ത് നിലയുറപ്പിച്ചിരുന്നു.

ചന്ദ്രനില്‍നിന്ന് ഇപ്പോള്‍ ശേഖരിച്ച സാംപിളുകള്‍ 1976-ല്‍ സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യമായ ലൂണ 24 ശേഖരിച്ച സാംപിളുകളേക്കാള്‍ കോടിക്കണക്കിന് വര്‍ഷം കാലപ്പഴക്കം കുറഞ്ഞതാണെന്നാണ് നിഗമനം. ഓഷ്യനസ് പ്രൊസല്ലാറം(Oceanus Procellarum) എന്ന് ഗവേഷകര്‍ വിളിക്കുന്ന ചന്ദ്രഭാഗത്ത് നിന്നുള്ള സാംപിളുകളാണ് ഇപ്പോള്‍ ഭൂമിയിൽ എത്തിച്ചിട്ടുള്ളത്. ഈ ഭാഗത്ത് മുമ്പ് അഗ്നിപര്‍വതങ്ങള്‍ സജീവമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

നവംബര്‍ 23-നായിരുന്നു ചങ്അ 5 ദൗത്യം ആരംഭിച്ചത്. ചന്ദ്രനിലേക്കുള്ള ചൈനയുടെ മൂന്നാമത്തെ ദൗത്യമായിരുന്നു ഇത്. ചൈനയുടെ ബഹിരാകാശ പദ്ധതികളില്‍ ചാന്ദ്രദൗത്യങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുക, ചന്ദ്രനില്‍ നിലയം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ചൈനയ്ക്കുണ്ട്. ചൊവ്വയിലേക്കുള്ള റോബോട്ടിക് ദൗത്യം, സ്ഥിരം ബഹിരാകാശ നിലയം തുടങ്ങി ചൈനയുടെ ഭാവി ബഹിരാകാശപദ്ധതികള്‍ക്ക് ചങ്അ 5 ദൗത്യത്തിന്റെ വിജയം കൂടുതല്‍ ഊര്‍ജം പകരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.