1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2022

സ്വന്തം ലേഖകൻ: ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പ് വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ടു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പൽ 22 വരെ തുറമുഖത്തുണ്ടാകും. സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന കപ്പലിന്റെ സാന്നിധ്യം ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ ബാധിക്കില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ബെയ്ജിങ്ങിൽ പറഞ്ഞു.

മൂന്നാം കക്ഷികളാരും ഇതിൽ ഇടപെടരുതെന്ന് ചൈന നിലപാട് കടുപ്പിക്കുകയും ചെയ്തു. തുറമുഖത്ത് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് കപ്പലിനെ സ്വീകരിച്ചു. 200 പേരാണ് കപ്പലിലുള്ളത്. ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ച ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് അവരുടെ കൈവശമാണുള്ളത്.

ഏഷ്യ– യൂറോപ്പ് ഗതാഗത പാതയിൽ ചൈനയുടെ ചാരക്കപ്പൽ സൈനിക താവളമായി മാറുമെന്നാണ് ഇന്ത്യയുടെ ആശങ്ക. അതേസമയം, ഇന്ധനവും ഭക്ഷ്യസാധനങ്ങളും സംഭരിക്കാൻ വേണ്ടി 3 ദിവസം മാത്രമേ കപ്പൽ തുറമുഖത്ത് ഉണ്ടാകൂ എന്നാണ് പേരു വെളിപ്പെടുത്താത്ത ശ്രീലങ്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. സുഹൃദ്​രാജ്യങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സംഘർഷമില്ലെന്ന് പറഞ്ഞ ശ്രീലങ്കൻ മാധ്യമകാര്യമന്ത്രി ബന്ദുല ഗുണവർധനെ, മുൻപ് അമേരിക്കയുടെയും ഇന്ത്യയുടെയും കപ്പലുകൾക്ക് നൽകിയതുപോലുള്ള അനുമതിയാണ് ഇപ്പോഴും നൽകിയിട്ടുള്ളതെന്ന് ന്യായീകരിച്ചു.

കടക്കെണിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് നിലവിൽ ഇന്ത്യയുടെയും ചൈനയുടെയും സഹായം ആവശ്യമാണ്. ഇരുരാജ്യങ്ങളെയും പിണക്കാത്ത നിലപാടാണ് ശ്രീലങ്ക സ്വീകരിക്കുന്നതും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഉയർത്തിയ എതിർപ്പ് പരിഗണിച്ച് സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്കൻ വിദേശകാര്യവകുപ്പ് ചൈനയോട് അഭ്യർഥിച്ചിരുന്നു. 11ന് ഇവിടെയെത്തി 17 വരെ നങ്കൂരമിടാനുള്ള പദ്ധതി നീട്ടിവയ്ക്കാൻ മാത്രമാണ് ചൈന തയാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.