
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്കുള്ള ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5-ന്റെ യാത്ര അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ഇന്ത്യ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.
ചൈനയിലെ ജ്യാങ്കിന്‍ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ടയിലെ ശ്രീലങ്കന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖത്തേക്കാണ് യുവാന്‍ വാങ്- 5 എന്ന കപ്പലിന്റെ സഞ്ചാരം. വ്യാഴാഴ്ച കപ്പല്‍ തുറമുഖത്ത് എത്തുമെന്നാണ് മറൈന്‍ ട്രാഫികിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ യാത്ര നിര്‍ത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാന്‍ വാങ്ങ് പരമ്പരയിലെ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് 5. ചൈനീസ് പ്രതിരോധവിഭാഗത്തിന്റെ ഗവേഷണവിഭാഗം രൂപകല്‍പന ചെയ്ത കപ്പല്‍ 2007 സെപ്തംബര്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് യൂണിറ്റ് ആണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിഭാഗമാണ് സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്.
മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനേയും സഹായിക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളമുള്ള അത്യാധുനിക മിസൈല്‍ റേഞ്ച് ഇന്‍സ്ട്രുമെന്റേഷന്‍ കപ്പലാണിത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകളും സമാന സംവിധാനങ്ങളുള്ള കപ്പലുകള്‍ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
യുവാന്‍ വാങ് 5 ഒരു സാധാരണ കപ്പല്‍ അല്ലെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം. സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലിസ്റ്റിക് മിസൈലുകള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെ സാറ്റലൈറ്റ് ട്രാക്കിങ്ങിനു പോലും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. ചാരക്കപ്പല്‍ എന്ന നിലയിലാണ് യുവാന്‍ വാങ് 5നെ ഇന്ത്യ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. ഓഗസ്ത് 11ന് എത്തുന്ന കപ്പല്‍ ഓഗസ്ത് 17 വരെ ശ്രീലങ്കന്‍ തീരത്തുണ്ടാവും. ഇന്ധനങ്ങളും സാധനങ്ങളും നിറയ്ക്കാനുള്ള സഹായം നല്‍കണമെന്ന് ശ്രീലങ്കയോട് ചൈന അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം ഇന്ത്യയെ സംബന്ധിച്ചടുത്തോളം വിശ്വാസയോഗ്യമായ വിശദീകരണമല്ല ഇത്. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നത് സംശയകണ്ണോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. സ്‌പേസ് ട്രാക്കിങ്ങിനും ഉപഗ്രഹനിരീക്ഷണത്തിനുമായി യുവാന്‍ വാങ്ങ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമുദ്രമേഖലയിലും സൂക്ഷ്മനിരീക്ഷണം നടത്താന്‍ തക്കതായ സംവിധാനങ്ങളും കപ്പലിലുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കപ്പലില്‍ 400 ജീവനക്കാരിലേറെ ഉണ്ടെന്നാണ് സൂചനകള്‍. ഇന്ത്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ചാല്‍ ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. 750 കിലോമീറ്റര്‍ വരെയുള്ള ആകാശപരിധിയിലെ സിഗ്‌നലുകള്‍ കപ്പലിന് നിരീക്ഷിക്കാനാവുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ശ്രീഹരിക്കോട്ട ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളിലെ വിവരങ്ങള്‍ ചോരുമെന്നതാണ് പ്രധാന ആശങ്ക.
ഇന്ത്യയുടെ സുരക്ഷയേയും സാമ്പത്തിക താല്‍പ്പര്യങ്ങളേയും ബാധിക്കുന്ന വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അടുത്തിടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ആശങ്ക ശ്രീലങ്കയെ രേഖാമൂലം അറിയിച്ചതിനു പിന്നാലെയാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിയോട് സന്ദര്‍ശനവുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകളും തീരുമാനവും ഉണ്ടാവുന്നതുവരെ കപ്പല്‍ ഹംബന്‍തോട്ടയിലേക്കെത്തുന്നത് വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ഔദ്യോഗികമായി ശ്രീലങ്ക ചൈനയോട് അഭ്യര്‍ഥിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ കപ്പല്‍ തീരത്തടുക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ഇന്ത്യയുടെ ആശങ്കകളെ തള്ളിക്കളയുന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചിരുന്നത്. കപ്പല്‍ വരുന്നത് ഇന്ധനവും സാധനങ്ങളും നിറയ്ക്കാനാണെന്നായിരുന്നു ശ്രീലങ്ക സ്വീകരിച്ചിരുന്നത്.
2014ലും സമാനമായ സാഹചര്യം ഇന്ത്യ നേരിട്ടിരുന്നു. രണ്ട് ചൈനീസ് അന്തര്‍ വാഹിനികള്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല